രാജകുമാരി: ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്കേറ്റു. ബി ഡിവിഷൻ ചവറ്റുകുഴിയിൽ ചാക്കോയുടെ ഭാര്യ മേരിയാണ് (60) മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ചവറ്റുകുഴിയിൽ സാജു, ഭാര്യ ലീല, വാണിയപ്പുരക്കൽ മേരി, ബി ഡിവിഷൻ സ്വദേശി പുഷ്പ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന വിരുതനാട്ട് വർഗീസ്, വാരിക്കാട്ട് അജി സദാനന്ദൻ, ശിവൻ പെരികലത്തേൽ, ലൂസി ജോയി പൊട്ടയിൽ, ബി ഡിവിഷൻ സ്വദേശി ദേവി എന്നിവർക്കും ഡ്രൈവർ വിരുതനാട്ട് ബേസിൽ വർഗീസിനും പരിക്കുണ്ട്. വ്യാഴാഴ്ച വൈകീട്ട് നാലോടെ ബി ഡിവിഷന് സമീപം വളവുതിരിയാതെ വാഹനം നൂറുമീറ്ററിലധികം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. നാലുതവണ തലകീഴായി മറിഞ്ഞ വാഹനത്തിൽനിന്ന് ചിലർ തെറിച്ചുവീണു. വാഹനത്തിനകത്ത് പെട്ടവര്‍ക്കാണ് കൂടുതൽ പരിക്കേറ്റത്. ശബ്ദം കേട്ട് ഒാടിയെത്തിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഗുരുതര പരിക്കേറ്റ സാജു, ലീല, മേരി, പുഷ്പ എന്നിവരെ ആലുവയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവർ രാജാക്കാെട്ടയും അടിമാലിയിലെയും ആശുപത്രികളിൽ ചികിത്സയിലാണ്. കൊക്കയിലേക്ക് മറിഞ്ഞ വാഹനത്തിൽനിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ ചവറ്റുകുഴിയിൽ മേരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. രാജകുമാരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ലിജോ, ലിൻസി എന്നിവരാണ് മേരിയുടെ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.