കട്ടപ്പന: മൂന്നാർ ഗവ. സ്കൂളിൽനിന്ന് കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ കാണാതായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇടുക്കി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിച്ചു. 1870ൽ ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ സ്കൂളിൽ കോടികൾ വിലമതിക്കുന്ന ഒട്ടേറെ പുരാവസ്തുക്കളുണ്ടായിരുന്നു. ഇതിൽ പലതും നഷ്ടമായിട്ടുണ്ട്. ഇവ നശിപ്പിക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യണമെങ്കിൽ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. സാധനം മോഷണം പോയതാണെങ്കിൽ പൊലീസിൽ പരാതി നൽകുകയും വേണം. ഇതൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറോട് ആവശ്യപ്പെടുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ ചാക്കോ പറഞ്ഞു. പല സർക്കാർ സ്കൂളുകളിലെയും കമ്പ്യൂട്ടറുകളും അതിെൻറ ഭാഗങ്ങളും കാണാതാകുകയോ പുറത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വിൽക്കുകയോ ചെയ്യുന്നതായും യോഗത്തിൽ ആരോപണമുയർന്നു. ഇക്കാര്യത്തിലും അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു. മൂന്നാർ ഗവ. ഹൈസ്കൂളിൽനിന്ന് പുരാവസ്തുക്കൾ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അടുത്ത യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് പറഞ്ഞു. പുരാവസ്തുക്കൾ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി റഷീദും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.