തൊടുപുഴ: കെ.എഫ്.സി വായ്പ തിരിച്ചടവിനു മൂന്നാറിൽ സ്‌റ്റോപ് മെമ്മോ നൽകിയ 10 റിസോർട്ടുകൾക്ക് ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് പ്രവർത്തനാനുമതി നൽകണമെന്ന് കാണിച്ച് ഗവ. ലാൻഡ് റിസംപ്ഷൻ സ്‌പെഷൽ ഓഫിസറായിരുന്ന എം.ജി. രാജമാണിക്യം നൽകിയ കത്ത് വിവാദമായി. കത്തിൽ കൂടുതൽ സ്പഷ്ടീകരണം വേണമെന്ന് ഇടുക്കി കലക്ടർ ജി.ആർ. ഗോകുൽ ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവർത്തകരും കത്തിനെതിരെ രംഗത്തെത്തി. ജൂലൈ 18നാണ് രാജമാണിക്യം കെ.എഫ്.സി മാനേജിങ് ഡയറക്ടർ എന്ന നിലയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും കലക്ടർക്കും കത്ത് നൽകിയത്. 10 റിസോർട്ടുകൾക്കായി 50 കോടി കെ.എഫ്.സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) വായ്പ നൽകിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട മറ്റ് ഡിപ്പാർട്മെൻറുകൾ എന്നിവയുടെ രേഖകൾ പരിശോധിച്ചാണ് കോർപറേഷൻ വായ്പ നൽകിയത്. ഇപ്പോൾ സ്‌റ്റോപ് മെമ്മോ നൽകിയതിനാൽ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലായെന്നും ഇത് കെ.എഫ്.സിയെ സാരമായി ബാധിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. അതിനാൽ ഈ റിസോർട്ടുകൾക്ക് 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ സെക്ഷൻ 24 പ്രകാരം ചട്ടങ്ങളിൽ ഇളവ് നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ വ്യാപക എതിർപ്പാണ് ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.