തൊടുപുഴ: രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് ബാങ്കിൽനിന്ന് മാറിയെടുത്ത കേസിൽ ഒളിവിലായിരുന്നയാൾ പിടിയിൽ. ഒമ്പതുവർഷമായി ഒളിവിലായിരുന്ന തൃശൂർ മുകുന്ദപുരം മാമ്പ്രക്ക് സമീപം സഹായിപ്പറമ്പിൽ ഷാജഹാനെയാണ് (ഷാജി -51) സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിന് സമീപം ഹൊസൂറിൽ സ്വന്തമായി നടത്തിയ സൂപ്പർമാർക്കറ്റിൽനിന്നാണ് പിടികൂടിയത്. 2008ലാണ് കേസിനാസ്പദമായ സംഭവം. യൂനിയൻ ബാങ്കിെൻറ കട്ടപ്പന ശാഖയിൽ ജീവനക്കാരുടെ സഹായത്തോടെ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് നൽകി യഥാർഥ നോട്ടുകൾ കരസ്ഥമാക്കുകയാണ് ഷാജഹാൻ ചെയ്തത്. കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ബാങ്കിലെ പ്യൂണായ ശിവരാജൻ കുഞ്ഞ്, കാഷ്യർ സുകുമാരൻ എന്നിവർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് സർവിസിൽനിന്ന് നീക്കി. രണ്ടുപേർ അറസ്റ്റിലായതോടെ മുങ്ങിയ ഷാജഹാൻ വർഷങ്ങളായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഹൊസൂരിൽ ഒളിവിൽ കഴിയുന്ന രഹസ്യവിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. സ്ഥലത്തെത്തിയ പ്രത്യേക അന്വേഷണസംഘം ഷാജഹാനെ കസ്റ്റഡിയിലെടുത്തു. കട്ടപ്പന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.പി ഉണ്ണിരാജൻ, ഡിവൈ.എസ്.പി ജോൺസൺ ജോസഫ്, സി.െഎ അഗസ്റ്റ്യൻ മാത്യു, എസ്.ഐ അരുൺ നാരായണൻ, സിവിൽ പൊലീസ് ഓഫിസർ നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.