എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം വേണം --മന്ത്രി കെ. രാജു കോട്ടയം: പാവപ്പെട്ടവരിലേക്കുകൂടി എത്തുന്ന വികസന ക്ഷേമപ്രവർത്തനങ്ങൾ ഭരണകൂടങ്ങൾ ഏറ്റെടുക്കുമ്പോഴാണ് നാടിെൻറ സമഗ്രവികസനം സാധ്യമാകുന്നതെന്ന് മന്ത്രി കെ. രാജു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലതല സ്വാതന്ത്ര്യദിന പരിപാടിയിൽ പതാക ഉയർത്തിയതിന് ശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് സംസ്ഥാന സർക്കാറിെൻറ ലക്ഷ്യം. നാടിെൻറ മുഖഛായതന്നെ മാറ്റുന്ന വൻകിട വികസന പദ്ധതികൾക്കൊപ്പം തന്നെയുള്ള പ്രാധാന്യമാണ് പാവപ്പെട്ടവരുടെ ക്ഷേമത്തിനും സർക്കാർ നൽകുന്നത്. പ്രകൃതിയെയും പരിസ്ഥിതിയെയും അപകടപ്പെടുത്തി വികസനം സർക്കാർ അനുവദിക്കില്ല. മാലിന്യത്തിനെതിരെ സർക്കാർ ഏറ്റെടുത്ത പുതിയ ദൗത്യത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ സർക്കാറിനൊപ്പം നിൽക്കുമെന്ന പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കാര്യാലയത്തിലെ എ.എസ്.ഐ എം.എസ്. ഗോപകുമാർ, പൊലീസ് ടെലി കമ്യൂണിക്കേഷൻ വിഭാഗം എ.എസ്.െഎ ജെ. ദിനേശ്, കോട്ടയം ഈസ്റ്റ് ഇൻസ്‌പെക്ടർ സജു വർഗീസ് എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. പൊലീസ്, എക്‌സൈസ്, വനസംരക്ഷണ സേന, അഗ്നിശമന സേന, എൻ.സി.സി, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, ഗൈഡ്‌സ്, ബാൻഡ് തുടങ്ങിയവർ അണിനിരന്ന പരേഡിനും മാർച്ച്പാസ്റ്റിനും മന്ത്രി അഭിവാദ്യം നൽകി. ആകെ 25 യൂനിറ്റുകൾ അണിനിരന്ന പരേഡിൽ എക്‌സൈസ് പ്ലാറ്റൂണിനെ നയിച്ച എൻ.വി. സന്തോഷ് കുമാർ മികച്ച പ്ലാറ്റൂൺ ലീഡർക്കുള്ള ട്രോഫി കരസ്ഥമാക്കി. എക്‌സൈസ് പ്ലാറ്റൂൺ മികച്ച ഒന്നാമത്തെ പ്ലാറ്റൂണിനുള്ള ട്രോഫിയും കെ.കെ. നാരായണൻ കർത്ത നയിച്ച പൊലീസിെൻറ പ്ലാറ്റൂൺ മികച്ച രണ്ടാമത്തെ പ്ലാറ്റൂണിനുള്ള ട്രോഫിയും കരസ്ഥമാക്കി. എൻ.സി.സി സീനിയർ വിഭാഗത്തിൽ കോട്ടയം എം.ഡി.എച്ച്.എസ്.എസിലെ നന്ദൻ നയിച്ച പ്ലാറ്റൂൺ ഒന്നും എം.ഡി.എച്ച്.എസ്.എസിലെ ഹർഷിത വി. ഹരിദാസ് നയിച്ച പ്ലാറ്റൂൺ രണ്ടും സ്ഥാനം നേടി. എൻ.സി.സി ജൂനിയർ വിഭാഗത്തിൽ പരിപ്പ് ഹൈസ്‌കൂളിലെ അൻസു പ്രസന്നൻ നയിച്ച പ്ലാറ്റൂൺ ഒന്നും ഇതേ സ്‌കൂളിലെ അനന്തകൃഷ്ണൻ നയിച്ച പ്ലാറ്റൂൺ രണ്ടും സ്ഥാനം നേടി. എസ്.പി.സി വിഭാഗത്തിൽ അതുൽ വർക്കി നയിച്ച പ്ലാറ്റൂൺ ഒന്നും ബീന ട്രീസ കുര്യാക്കോസ് നയിച്ച പ്ലാറ്റൂൺ രണ്ടാം സ്ഥാനവും നേടി. സ്‌കൗട്ട്സ് പ്ലാറ്റൂണുകളിൽ അതിരമ്പുഴ സെൻറ് അലോഷ്യസ് സ്‌കൂളിലെ എ.എസ്. ആദിത്യൻ നയിച്ച പ്ലാറ്റൂണിന് ഒന്നാം സ്ഥാനവും ഗിരിദീപം ബഥനി എച്ച്.എസ്.എസിലെ ആയുഷ് നയിച്ച പ്ലാറ്റൂണിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഗൈഡ്‌സ് പ്ലാറ്റൂണുകളിൽ മൗണ്ട് കാർമൽ ജി.എച്ച്.എസിലെ എസ്. റീനമോൾ നയിച്ച പ്ലാറ്റൂൺ ഒന്നും ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസിലെ അബിയ സോണിയ ബൈജു നയിച്ച പ്ലാറ്റൂൺ രണ്ടും സ്ഥാനങ്ങൾ നേടി. ബാൻഡ് പ്ലാറ്റൂണുകളിൽ മൗണ്ട് കാർമൽ ജി.എച്ച്.എസ്.എസിലെ ഷെറിൻ ജോർജ് നയിച്ച പ്ലാറ്റൂൺ ഒന്നും പാമ്പാടി ക്രോസ് റോഡ് സ്‌കൂളിലെ ഗൗരി എസ്. ഗോവിന്ദ് നയിച്ച പ്ലാറ്റൂൺ നയിച്ച പ്ലാറ്റൂൺ രണ്ടാം സ്ഥാനവും ലഭിച്ചു. സായുധ പതാകദിനത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡ് സെൻറ് ബർക്കമാൻസ് ഹയർ സെക്കൻഡറി സ്‌കൂളിനും ആർ.ടി.ഒ കോട്ടയത്തിനും ലഭിച്ചു. സിവിൽ സ്റ്റേഷനിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയതായി കലക്ടർ സി.എ. ലത പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയ കുതിരവേലി, നഗരസഭ അധ്യക്ഷ ഡോ. പി.ആർ. സോന, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ, ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ, എ.ഡി.എം കെ. രാജൻ, വിവിധ വകുപ്പുതല മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.