മീതൈൻ കാബ്ഡമി എന്ന മരുന്നിന് വിവിധ കടകളിൽ ഇൗടാക്കുന്നത് 107മുതൽ 20 രൂപവരെ ഗാന്ധിനഗർ (കോട്ടയം): ഒരു രോഗത്തിനുള്ള മരുന്നിന് പല വില. വിലവ്യത്യാസം ചോദിച്ച രോഗിയോട് മരുന്നുനിർമാണ കമ്പനിയിൽ പോയി ചോദിക്കാൻ മരുന്നുകടയിലെ ജീവനക്കാരൻ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ മരുന്നുകടകളിലെത്തിയ ആളിനാണ് ഈ അനുഭവം. ചിങ്ങവനം സ്വദേശിയും സർക്കാർ സർവിസിൽനിന്ന് അടുത്തിടെ വിരമിച്ചയാളുമാണ് പരാതിക്കാരൻ. ഒരാഴ്ചയായി അനീമിയ ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. കഴിഞ്ഞദിവസം വാർഡിൽ എത്തിയ ഡോക്ടർ കുത്തിവെപ്പിന് മീതൈൻ കാബ്ഡമി എന്ന മരുന്നിന് കുറിപ്പു നൽകി. പിന്നീട് രോഗിതന്നെ ആശുപത്രിക്കു പുറത്ത് പഞ്ചായത്തുവക കെട്ടിടത്തിൽ കണ്ണടവ്യാപാര സ്ഥാപനത്തോടുചേർന്ന് പ്രവർത്തിക്കുന്ന മരുന്നുകടയിൽനിന്ന് മരുന്നുവാങ്ങാൻ എത്തി. 107 രൂപയാണ് വിലയെന്ന് പറഞ്ഞപ്പോൾ അത്രയും വിലയില്ലെന്ന് തോന്നിയതിനാൽ മരുന്നുവാങ്ങാതെ ആശുപത്രിവളപ്പിലെ ഒരു കടയിലെത്തി അവിടെനിന്ന് 67 രൂപക്ക് മരുന്നുവാങ്ങി. പിന്നീട് ഇതേ മരുന്നിന് ആശുപത്രിക്കു പുറത്തുള്ള 24 മണിക്കൂർ പ്രവർത്തിക്കുന്ന മരുന്നുകടയിലെത്തിയപ്പോൾ അവിടെ വില 33രൂപ. എന്താണ് ഒരു രോഗത്തിനുള്ള മരുന്നിന് പല വിലയെന്ന് ചോദിച്ചപ്പോൾ മരുന്നുനിർമാണ കമ്പനിയിൽ പോയി ചോദിക്കണമെന്ന് ജീവനക്കാരെൻറ മറുപടി. തുടർന്ന് വാക്തർക്കത്തിൽ ഇയാൾ മരുന്നു നൽകിയില്ല. തുടർന്ന് ഇൗ കടയുടെ പിൻഭാഗത്ത് പ്രവർത്തിക്കുന്ന കടയിലെത്തി മരുന്നുവാങ്ങി. അവിടെ വില വെറും 20 രൂപ മാത്രം. മരുന്നുവാങ്ങി ഡോക്ടറെ സമീപിച്ചപ്പോൾ ആദ്യം വാങ്ങിയ മരുന്നിലും പിന്നീട് വാങ്ങിയ മരുന്നിലും അടങ്ങിയ ഘടകങ്ങൾ ഒന്നുതന്നെയെന്ന് ഡോക്ടർ പറയുകയും കുത്തിവെപ്പ് തുടരുകയുമാണ്. ഒരു രോഗത്തിനുള്ള മരുന്നിന് പലതരത്തിലുള്ള വില ഇൗടാക്കി നിർധന രോഗികളെ ദ്രോഹിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് ഇൗ രോഗി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.