കോട്ടയം: വിദേശ നഴ്സിങ് റിക്രൂട്ട്മെൻറിനു സ്വകാര്യ ഏജൻസികൾക്കുള്ള വിലക്ക് നീക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായി ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ രാജ്യത്തെ അംഗീകാരമുള്ള സ്വകാര്യ റിക്രൂട്ട്മെൻറ് എജൻസികളെക്കൂടി ഉൾപ്പെടുത്താൻ കേന്ദ്രം നീക്കം തുടങ്ങി. നിലവിൽ സർക്കാർ ഏജൻസികൾ മാത്രമാണ് ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ ഉള്ളത്. ഇതിനൊപ്പമാണ് സ്വകാര്യ ഏജൻസികളെക്കൂടി ഉൾപ്പെടുത്തുന്നത്. ഇതോടെ ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾക്ക് അവർക്കിഷ്ടമുള്ള ഏജൻസികൾ വഴി റിക്രൂട്ട്മെൻറ് നടത്താം. അടുത്തിടെ ഡൽഹി ഹൈകോടതി റിക്രൂട്ട്മെൻറിൽ സർക്കാർ -സ്വകാര്യ വിവേചനം പാടില്ലെന്ന് വിധിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രത്തോട് വിശദീകരണവും തേടിയിരുന്നു. ഇതിലാണ് ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ സ്വകാര്യ ഏജൻസികളെ ഉൾപ്പെടുത്തുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ആറാഴ്ചത്തെ സാവകാശവും ഇതിനായി കേന്ദ്രം തേടിയിരുന്നു. നേരത്തേ നഴ്സിങ് റിക്രൂട്ട്മെൻറിെൻറ മറവിൽ കോടികൾ തട്ടിയെടുക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്വകാര്യ ഏജൻസികളെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. കുവൈത്തിലേക്ക് 25 ലക്ഷം രൂപവരെ വാങ്ങിയായിരുന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നത്. ഇതിലെ വൻ ചൂഷണം ബോധ്യപ്പെട്ടതോടെ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ അഭ്യർഥനപ്രകാരമായിരുന്നു നിരോധനം. പകരം സർക്കാർ ഏജൻസികളായ ഒഡൈപെക്, നോർക്ക എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഇതിനെതിരെ സ്വകാര്യ ഏജൻസികൾ കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ ഏജൻസികളെ മാത്രം ചുമതലപ്പെടുത്തിയതോടെ റിക്രൂട്ട്മെൻറിൽ വൻ ഇടിവുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.