ചീയപ്പാറ ദുരന്തത്തിന് നാളെ നാലുവയസ്സ്​

അടിമാലി: നാടിനെ നടുക്കിയ ചീയപ്പാറ ദുരന്തത്തിനു ശനിയാഴ്ച നാലാണ്ട് തികയുന്നു. 2013 ആഗസ്റ്റ് അഞ്ചിന് പുലര്‍ച്ചെയാണ് കൊച്ചി--ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം ഉരുള്‍പൊട്ടി കുട്ടി ഉൾപ്പെടെ മൂന്നുജീവൻ പൊലിഞ്ഞത്. വെള്ളച്ചാട്ടത്തിനു സമീപം കച്ചവടം നടത്തിയിരുന്ന വാളറ കമ്പിലെയ്ന്‍ തോപ്പില്‍കുടിയില്‍ ജോഷി, 11 വയസ്സുകാരന്‍ പാലക്കാട് തെക്കേക്കര ജിതിന്‍ ജോസ്, ദേവികുളം താലൂക്ക് ഒാഫിസിലെ താല്‍ക്കാലിക െഡ്രെവര്‍ ടി. രാജന്‍ എന്നിവരാണ് മരിച്ചത്. രാവിലെ 8.45ഓടെയായിരുന്നു ആദ്യം മണ്ണിടിച്ചിൽ. തുടര്‍ന്ന് ഏകദേശം 50 മീറ്റര്‍ അകലെ വെള്ളച്ചാട്ടത്തിനു സമീപം ഉരുള്‍പൊട്ടി. 500 അടിയോളം ഉയരത്തില്‍നിന്ന് കല്ലും മണ്ണും വെള്ളത്തോടൊപ്പം താഴേക്ക് പതിച്ചു. ഈ മണ്ണിനടിയില്‍പെട്ടാണ് മൂവരും മരിച്ചത്. തുടര്‍ച്ചയായി കനത്ത മഴയായിരുന്നതിനാല്‍ രണ്ടുദിവസം മിക്ക കച്ചവടക്കാരും ഇവിടെ കടകള്‍ തുറന്നിരുന്നില്ല. തുടര്‍ച്ചയായി പെയ്ത മഴയില്‍ പെട്ടിക്കടകളില്‍ ചളിയും മറ്റും അടിഞ്ഞുകൂടിയിരുന്നു. ഇത് നീക്കുന്നതിനാണ് ജോഷിയും പിതൃസഹോദരന്‍ ബേബിയും ചീയപ്പാറയിൽ എത്തിയത്. എന്നാല്‍, മഴ ശമിക്കാത്തതിനാല്‍ തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ് കടയുടെ മുകളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ജോഷിയെ കാണാനില്ലായിരുന്നുവെന്ന് ബേബി ഇപ്പോഴും ഞെട്ടലോടെ ഓര്‍ക്കുന്നു. നിമിഷനേരം കൊണ്ട് കല്ലും മണ്ണും ജോഷിയെ മൂടി. റോഡരികില്‍ ചായ കുടിച്ചുകൊണ്ടിരുന്ന രാജനും ജിതിനും മണ്ണിനടിയില്‍പെടുകയായിരുന്നു. ത​െൻറ കടയില്‍നിന്ന് ചായ കുടിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായെത്തിയ ഉരുള്‍പൊട്ടലില്‍ 11 വയസ്സുകാരന്‍ ജിതിനെയും രാജനെയും തട്ടിത്തെറിപ്പിച്ചതെന്ന് രക്ഷപ്പെട്ട ശാന്ത ഓര്‍ക്കുന്നു. പാലത്തിനക്കരെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതിനാലാണ് ഇവര്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി ചായ കുടിക്കാനായി ഇറങ്ങിയത്. പുലര്‍ച്ചെ മുതലുണ്ടായ മണ്ണിടിച്ചില്‍ മൂലം രണ്ടു ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവെച്ചിരുന്നു. ഉരുള്‍പൊട്ടലില്‍ അഞ്ചിലധികം കടകള്‍ ഇല്ലാതാകുകയും ചെയ്തു. ഫോേട്ടാ ക്യാപ്ഷൻ TDG1 ചീയപ്പാറയിൽ കൊച്ചി--ധനുഷ്‌കോടി ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോൾ- (ഫയൽ ചിത്രം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.