മൂന്നാർ സ്​കൂളിൽനിന്ന്​ പുരാവസ്​തുക്കൾ കടത്തിയ സംഭവം: ഡി.ഇ.ഒ രഹസ്യ പരിശോധന നടത്തി

കട്ടപ്പന: മൂന്നാർ ഗവ. ഹൈസ്കൂളിലെ നൂറ്റാണ്ട് പഴക്കമുള്ളതും കോടികൾ മൂല്യമുള്ളതുമായ പുരാവസ്തുക്കൾ കാണാതായ സംഭവത്തിൽ കട്ടപ്പന ഡി.ഇ.ഒയുടെ നേതൃത്വത്തിലെ അന്വേഷണസംഘം സ്കൂളിൽ മിന്നൽ പരിശോധന നടത്തി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫിസർ പി.യു. പ്രസന്നകുമാരിയുടെ നേതൃത്വത്തിലെ സംഘമാണ് മൂന്നാർ ഗവ. ഹൈസ്കൂളിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു പരിശോധന. 1870ൽ ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ സ്കൂളിൽ ഒന്നരനൂറ്റാണ്ടോളം പഴക്കമുള്ളതും കോടികൾ വിലമതിക്കുന്നതുമായ നിരവധി പുരാവസ്തുക്കൾ ഉണ്ടായിരുന്നു. ഇതിൽ ഒന്ന് ബ്രിട്ടീഷുകരുടെ കാലത്ത് െകാൽക്കത്തയിൽ ഇന്ത്യൻ കരകൗശല വിദഗ്ധർ കരിവീട്ടിയിൽ നിർമിച്ച, ഒരു കോടി രൂപ വിലമതിക്കുന്ന റാക്കാണ്. മേയ് മാസം വരെ സ്കൂളിൽ സൂക്ഷിച്ചിരുന്ന റാക്ക് രഹസ്യമായി വിറ്റതായാണ് ആരോപണം. 60ഒാളം അറകളും പത്തടി നീളവും നാലടിയോളം വീതിയുമുണ്ടായിരുന്ന റാക്ക് നിരക്കി മാറ്റണമെങ്കിൽ എട്ടുപേരുടെ സഹായം വേണ്ടിയിരുന്നു. രാത്രി പൊളിച്ച് ലോറിയിൽ കടത്തിക്കൊണ്ടുപോയതായാണ് സൂചന. സ്കൂളിലെ മുറിയിൽ പെട്ടിയിൽ പൂട്ടി സൂക്ഷിച്ച പുരാതന ചെമ്പുപാത്രങ്ങളും കാണാതായിട്ടുണ്ട്. ഇറിഡിയം ലോഹത്തി​െൻറ സാന്നിധ്യം പ്രതീക്ഷിച്ച് ഈ പാത്രങ്ങളും വിറ്റതായാണ് സൂചന. 'മാധ്യമം' ഇതുസംബന്ധിച്ച് വാർത്ത നൽകിയതിനെത്തുടർന്ന് വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്കൂളിലെ സ്റ്റോക്ക് രജിസ്റ്ററും പുരാവസ്തുക്കൾ സൂക്ഷിച്ച മുറികളും പരിശോധിച്ച സംഘം അധ്യാപകരിൽനിന്നും പി.ടി.എ പ്രസിഡൻറിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കാണാതായ പുരാവസ്തുക്കൾ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. പരിശോധനയിൽ കണ്ടെത്തിയ വിവരവും ബോധ്യപ്പെട്ട കാര്യങ്ങളുമടങ്ങിയ റിപ്പോർട്ട് വിദ്യാഭ്യാസ െഡപൂട്ടി ഡയറക്ടർക്ക് നൽകിയതായി കട്ടപ്പന ഡി.ഇ.ഒ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.