റേഷന്‍: മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി മുന്‍ഗണന പട്ടിക തയാറാക്കണം

പത്തനംതിട്ട: നിലവിലുള്ള റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഏഴ് ലക്ഷത്തിലധികം അനര്‍ഹ കുടുംബങ്ങള്‍ കടന്നുകൂടിയതിനാൽ പട്ടിക പൂര്‍ണമായും റദ്ദാക്കി, മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി പുതിയത് തയാറാക്കണമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍. ബാലന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കില്‍ ശമ്പളം തടയുമെന്നും അനര്‍ഹര്‍ സ്വമേധയ കാര്‍ഡ് സറണ്ടര്‍ ചെയ്യണമെന്നും ഉള്ള ഉത്തരവുകള്‍ പ്രഹസനമാണ്. സർക്കാർ ജീവനക്കാരുടെ വീട്ടിൽ വിധവയുണ്ടെങ്കിൽ അവിടെ മുൻഗണന കാർഡായിരിക്കും ലഭിക്കുക. കാര്‍ഡ് ഉടമകള്‍ക്കെതിെര അവശ്യസാധന നിയമപ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യരുത്. വേണ്ടത്ര പരിശോധന നടത്താതെ അനര്‍ഹര്‍ക്ക് മുന്‍ഗണന കാര്‍ഡുകള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. മുന്‍ഗണനപട്ടിക തയാറാക്കിയതില്‍ ഉദ്യോഗസ്ഥര്‍ വ്യാപക ക്രമക്കേട് നടത്തിയതായി അവർ ആരോപിച്ചു. അര്‍ഹതയുള്ള പല കാര്‍ഡുകള്‍ക്കും മാര്‍ക്ക് നിഷേധിക്കുകയും അനര്‍ഹര്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കുകയും ചെയ്തു. 30 മാര്‍ക്ക് ലഭിക്കേണ്ടവര്‍ക്കുപോലും പൂജ്യം മാര്‍ക്ക് നല്‍കി. റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം 16,000 മുതല്‍ 47,000 രൂപ വരെ മാസവേതനം നല്‍കാന്‍ തീരുമാനം എടുെത്തങ്കിലും ഉത്തരവിറക്കാതെ ഉദ്യോഗസ്ഥര്‍ നീട്ടിക്കൊണ്ടുപോവുകയാണ്. ഓണത്തിനുമുമ്പ് ഉത്തരവിറക്കുകയും അഞ്ചുമാസത്തെ കമീഷന്‍ കുടിശ്ശിക നല്‍കുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സെപ്റ്റംബര്‍ 11 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.