അടിമാലി: മന്ത്രി എം.എം. മണി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നേതൃത്വത്തിൽ മൂന്നാറിൽ നടക്കുന്ന സമരത്തിനു പിന്തുണ ഉറപ്പിക്കാൻ തമിഴ് സംഘടനകളെയും രംഗത്തിറക്കാൻ നീക്കം. സംസ്ഥാന സർക്കാറിനെ എതിർക്കുന്നവരെ സഹകരിപ്പിക്കുന്നതിനൊപ്പം തമിഴ്നാട്ടിലെ തീവ്രനിലപാടുള്ള ചില പ്രസ്ഥാനങ്ങളുമായി ചേർന്നും സമരം ശക്തമാക്കാനാണ് തീരുമാനം. ഇതിെൻറ ഭാഗമായി തമിഴ്നാട്ടിലെ ചില സംഘടന നേതാക്കളുമായി പൊമ്പിളൈ ഒരുൈമ നേതാക്കൾ ചർച്ച നടത്തിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. ബി.ജെ.പി, ആം ആദ്മി പാർട്ടി എന്നിവയുടെ നേതാക്കൾ സമരത്തിനു പിന്തുണയുമായി മൂന്നാറിൽ ഉണ്ടെങ്കിലും ഇൗ സംഘടനകൾക്ക് തോട്ടം മേഖലയിൽ വേരോട്ടം ഇല്ലാത്തത് സമരക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്. കോൺഗ്രസിനെ കൂടെ കൂട്ടി സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമവും പ്രദേശിക നേതാക്കളുടെ എതിർപ്പ് മൂലം പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് തമിഴ് സംഘടനകളെ രംഗത്തിറക്കി സമരം കൊഴുപ്പിക്കാനുള്ള നീക്കം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനൊപ്പം പാർട്ടി തമിഴ്നാട് അധ്യക്ഷൻ തമിഴിസൈ സൗന്ദരരാജനും വ്യാഴാഴ്ച സമരപ്പന്തൽ സന്ദർശിച്ചത് ഇതിെൻറ ഭാഗമാണെന്ന് കരുതുന്നു. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി പൊമ്പിളൈ ഒരുമൈ പുതിയ ആവശ്യങ്ങളും ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമി നൽകണം എന്നതാണ് അതിൽ പ്രധാനം. ഇതിലൂടെ കൂടുതൽ തോട്ടം തൊഴിലാളികളെ സമരപ്പന്തലിൽ എത്തിക്കാമെന്നും സംഘടന കണക്കുകൂട്ടുന്നു. എം.എം. മണി രാജിവെക്കണം എന്ന ആവശ്യവുമായി സമരം തുടങ്ങിയ പൊമ്പിളൈ ഒരുമൈക്ക് തോട്ടം തൊഴിലാളി മേഖലകളിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാതെ വന്നതോടെയാണ് പുതിയ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.