ഈ​രാ​റ്റു​പേ​ട്ട കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ജ​ല​ദൗ​ർ​ല​ഭ്യം രൂ​ക്ഷം

ഈരാറ്റുപേട്ട: കിഴക്കന്‍മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. തലനാട്, തീക്കോയി, പൂഞ്ഞാര്‍ പഞ്ചായത്തുകളിലാണ് ഏറ്റവും രൂക്ഷം. ഈരാറ്റുപേട്ടയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതായുള്ള പഠനറിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് നാട്ടിന്‍പുറങ്ങളിലെ ജലസുലഭമായ കിണറുകള്‍പോലും വറ്റിത്തുടങ്ങി. ഒരിക്കല്‍ വെള്ളം വറ്റിയിട്ടില്ലാത്ത കിണറുകള്‍വരെയാണ് ഈ വേനല്‍കാലത്ത് വരണ്ടുതുടങ്ങിയത്. ചില കിണറുകള്‍ വറ്റിവരണ്ടപ്പോള്‍ മറ്റുചിലതില്‍ രണ്ടും മൂന്നും തൊടി വെള്ളം താഴ്ന്നിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചിരുന്നു കിണറുകളില്‍ ജലക്ഷാമം ഉണ്ടായത് ഗ്രാമപ്രദേശങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഭൂഗര്‍ഭ ജലനിരക്ക് നാല് അടിയോളം താഴ്ന്നതായിട്ടാണ് പഠനറിപ്പോര്‍ട്ടുകള്‍. കുഴല്‍ക്കിണറുകളിലും ജലലഭ്യത കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കുഴിക്കുന്ന കുഴല്‍ക്കിണറുകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ആഴത്തില്‍ കുഴിച്ചാല്‍ മാത്രമേ വെള്ളം ലഭിക്കുകയുള്ളു. മുമ്പ് 100 അടിക്ക് വെള്ളം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 150 അടി കുഴിക്കേണ്ടി വരുന്നുണ്ട്. കുഴല്‍ക്കിണറുകളിലെ ജലലഭ്യത കുറഞ്ഞത് ഗ്രാമീണ മേഖലയിലെ കുടിവെള്ള പദ്ധതികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുഴല്‍ക്കിണറുകളെയും മീനച്ചിലാറിനെയും ആശ്രയിച്ചാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത്. മീനച്ചിലാറ്റിലെ വെള്ളം കുറഞ്ഞതോടെ മിക്കയിടത്തും ജലവിതരണം തടസ്സപ്പെട്ടിട്ടുണ്ട്. മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മീനച്ചില്‍ റിവര്‍വാലി പദ്ധതി നടപ്പിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.