കോട്ടയം: കനത്ത വേനൽച്ചൂടിൽ ട്രാഫിക് ഡ്യൂട്ടിക്ക് റോഡിലും മറ്റുമായി നിൽക്കുന്ന പൊലീസുകാർ വലയുന്നു. സൂര്യാതപമേൽക്കാനുള്ള സാധ്യതകളേറെയുള്ളതിനാൽ പൊലീസുകാർ ആശങ്കയിലാണ്. നഗരത്തിെൻറ വിവിധ ജങ്ഷനുകളിൽ രാവിലെ മുതൽ ട്രാഫിക് ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസുകാർക്ക് ചൂടു കനക്കുംതോറും ശാരീരികാസ്വസ്ഥതയേറുകയാണ്. ചൂട് വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ പുറംജോലികളിൽ ഏർപ്പെടുന്നത് തൊഴിൽ കമീഷണർ വിലക്കിയിട്ടുണ്ടെങ്കിലും ട്രാഫിക് ഡ്യൂട്ടിയുള്ള പൊലീസുകാർക്ക് അതൊന്നും ബാധകമായിട്ടില്ല. കോട്ടയം നഗരത്തിൽ മാത്രം 30ൽപരം പൊലീസുകാരും ഹോംഗാർഡുമാണ് ട്രാഫിക് ഡ്യൂട്ടിക്കുള്ളത്. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നവർക്ക് മുമ്പ് രണ്ടുനേരവും കുടിവെള്ളം എ.ആർ ക്യാമ്പിൽനിന്ന് നൽകിയിരുന്നു. കഴിഞ്ഞവർഷം ചൂട് കനത്ത സാഹചര്യത്തിൽ കുടയും ഡ്യൂട്ടിയിലുള്ളവർക്ക് നൽകിയിരുന്നു. നിർജലീകരണം തടയാൻ മുൻകരുതൽ ആവശ്യമാണ്. വെള്ളവും പഴവർഗങ്ങളും നന്നായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടിവരും. സൂര്യാതപം നേരിട്ടേൽക്കുന്നതുമൂലം ത്വക്രോഗ സാധ്യതയും കൂടുതലാണ്. സൺ ഗ്ലാസ് ധരിക്കേണ്ടതുമുണ്ട്. സൺലോഷനുകളും ശരീരത്തിൽ ലേപനം ചെയ്താണ് പലരും വെയിലിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.