നെൽകർഷകരുടെ പ്രതീക്ഷകൾ ചവിട്ടിമെതിച്ച്​ ലോറിസമരം

കോട്ടയം: അപ്രതീക്ഷിതമായെത്തിയ ലോറിസമരം നെൽകർഷകരുടെ പ്രതീക്ഷകൾ ചവിട്ടിമെതിക്കുകയാണ്. കൊയ്തുകൂട്ടിയ നെല്ല് പാടവരമ്പത്ത് വെറുതെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിനിടെ മഴ ശക്തമായാൽ എല്ലാം തകർന്നടിയുമെന്ന വേവലാതിയിലാണ് കർഷകർ. നഗരസഭാ പരിധിയിലുള്ള ഗ്രാമിൻചിറ പാടശേഖരത്തിലും അയ്മനം പഞ്ചായത്തിലെ മലരിക്കൽ 9000 ജെ ബ്ലോക്കിലുമാണ് കർഷകർക്ക് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്. മഴയെങ്ങാനും പെയ്താൽ ഒരു സീസണിലെ അധ്വാനം മുഴുവൻ വെള്ളത്തിലാകുമെന്ന ആശങ്കയിലാണിവർ. കഴിഞ്ഞദിവസമാണ് ലോറിസമരം പ്രഖ്യാപിച്ചത്. പരിചയക്കാരായ ലോറിക്കാർ നെല്ല് കയറ്റുന്നതിനിടെ ലോറിയുടമ സംഘടന പ്രതിനിധികളെന്ന് അവകാശപ്പെട്ടവർ തടയുകയും ചെയ്തു. ഇതോടെ, നെല്ല് കൊണ്ടുപോകാനാകില്ലെന്ന നിലപാടിലായി ലോറി ജീവനക്കാർ. പടിഞ്ഞാറൻ ബൈപാസിനോട് ചേർന്നുള്ള ഗ്രാമിൻചിറയിൽ ആകെ 316 ഏക്കർ പാടശേഖരത്തിലാണ് കൃഷിയുള്ളത്. പാടശേഖരത്തിലെ കൊയ്ത്ത് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. ഇനി ആറ് ഏക്കറിൽ മാത്രമാണ് കൊയ്യാൻ അവശേഷിക്കുന്നത്. സംഭരണത്തിൽ തടസ്സമുണ്ടാകില്ലെന്ന പ്രതീക്ഷയിൽ നെല്ല് ചാക്കിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു കർഷകർ. 9000ജെ ബ്ലോക്കിലെ പാടത്തിലെ 1800 ഏക്കറിലെ നെല്ലും കൊയ്തുകൂട്ടി ചാക്കിൽകെട്ടി സൂക്ഷിച്ചിരിക്കുകയാണ്. നെല്ല് മില്ലിലേക്ക് കൊണ്ടുപോകാനായില്ലെങ്കിൽ നഷ്ടമുണ്ടാകുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. വേഗം കയറ്റി അയക്കാം എന്ന പ്രതീക്ഷയിൽ മുൻകരുതലൊന്നുമില്ലാതെയാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ചെറുതായി മഴ പൊടിഞ്ഞതോടെ നെല്ലിന് ഈർപ്പമുണ്ടായി. ഇത് സംഭരണത്തിന് തടസ്സമാകും. അതേസമയം, നാട്ടകം അടക്കമുള്ള ചില പ്രദേശങ്ങളിലെ നെല്ല് രഹസ്യമായി കയറ്റുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.