വ​ട്ട​പ്പ​ള്ളി​യി​ലെ മ​ദ്യ​ശാ​ല​യി​ലേ​ക്കു​ള്ള ലോ​ഡ്​ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു; പ്ര​തി​ഷേ​ധം, സം​ഘ​ർ​ഷം

ചങ്ങനാശ്ശേരി: മാര്‍ക്കറ്റിലെ വട്ടപ്പള്ളിയില്‍ പുതുതായി തുടങ്ങുന്ന ബിവറേജസ് കോർപറേഷെൻറ മദ്യശാലയിലേക്ക് ലോഡുമായെത്തിയ വാഹനം ജനപ്രതിനിധികളും സമരസമിതി നേതാക്കളും ചേർന്നുതടഞ്ഞു. സി.എഫ്. തോമസ് എം.എല്‍. എയുടെയും നഗരസഭ ചെയര്‍മാന്‍ സെബാസ്റ്റ്യൻ മാത്യു മണമേലിെൻറയും സമരസമിതി ചെയര്‍മാന്‍ സാംസണ്‍ വലിയപറമ്പിലിെൻറയും നേതൃത്വത്തിലാണ് തടഞ്ഞത്. ഇതിനെതുടർന്ന് സമരസമിതി ചെയര്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിൽ തൊഴിലാളികള്‍ ലോഡ് ഇറക്കി. ഇതിനിടെ, ചെയര്‍മാനെ ഗുണ്ടകൾ മർദിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ സമരസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി മദ്യശാല തുറക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രാപകല്‍ സമരം നടന്നുവരുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച വൈകീട്ട് ലോഡ് എത്തിയതോടെ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകുകയായിരുന്നു. എം.എൽ.എക്കും ചെയര്‍മാനും ഒപ്പം മര്‍ച്ചൻറ്സ് അസോസിയേഷന്‍ ഭാരവാഹികളായ സാംസണ്‍ വലിയപറമ്പിൽ, സതീഷ് വലിയവീടന്‍, ജോണ്‍സണ്‍ പ്ലാന്തോട്ടം, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആർ. മഞ്ജീഷ്, വൈസ് പ്രസിഡൻറ് പ്രസന്നകുമാരി ടീച്ചര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, നാട്ടുകാർ, വിവിധ സംഘടനകളും ജനപ്രതിനിധികളും ലോഡ് ഇറക്കുന്നത് തടഞ്ഞതാണ് വന്‍ പ്രതിഷേധത്തിനും സംഘര്‍ഷാവസ്ഥക്കും ഇടയാക്കിയത്. വാഹനം തടഞ്ഞെതിനെതിരെ ചെയര്‍മാനെ പൊലീസ് ജീപ്പിലേക്ക് മാറ്റി. ലോഡിറക്കാന്‍ തുടങ്ങി കഴിഞ്ഞപ്പോള്‍ ചെയര്‍മാനെ പൊലീസ് വിട്ടയച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ ലോഡിലെ പെട്ടികള്‍ വഴിയില്‍നിന്ന് കെട്ടഴിച്ചു തലച്ചുമടായി ഔട്ട്ലറ്റില്‍ എത്തിക്കുകയായിരുന്നു. മാര്‍ക്കറ്റിലെ സമരപ്പന്തലില്‍ നിന്ന് എം.എൽ.എയുടെ നേതൃത്വത്തില്‍ സമരസമിതിയും നാട്ടുകാരും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന പൊലീസ് സ്റ്റേഷൻ ഉപരോധം സി.എഫ്. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബിവറേജസ് ഔട്ട്‌ലറ്റില്‍ ലോഡിറക്കാൻ പൊലീസ് കൂട്ടുനിന്നുവെന്നും സമരസമിതി ചെയര്‍മാന്‍ സാംസണ്‍ വലിയപറമ്പിലിനെ ഗുണ്ടകള്‍ കൈയേറ്റം ചെയ്തുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. മദ്യശാലക്കെതിരെ വൻപ്രതിഷേധമാണ് ഇവിടെ നിലനിൽക്കുന്നത്. തിങ്കളാഴ്ച മദ്യശാല ഉപരോധിക്കുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.