കറുകച്ചാൽ: ഏഴ് പതിറ്റാണ്ടായി അണിയറപ്പടിയിലെ പുറമ്പോക്കിലെ കുടിലിൽ താമസിക്കുന്ന ഗൗരിയമ്മക്കും കുടുംബത്തിനും മൂന്നര സെൻറ് സ്ഥലവും വീടും അനുവദിച്ചു. ഏഴ് പതിറ്റാണ്ടിനിടെ പലവട്ടം ഭരണവും ഭരണാധികാരികളും മാറിയിട്ടും ഒരുതുണ്ട് ഭൂമിയോ നനയാതെ കിടക്കാൻ ഒരു കൂരയോ ആരും കൊടുത്തില്ല. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കൈടാച്ചിറ സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഒടുവിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കനിഞ്ഞു. നെടുംകുന്നം പഞ്ചായത്തിലെ 15-ാം വാർഡിൽ അണിയപ്പടിയിലെ പുറമ്പോക്കിൽ പടുതകൊണ്ട് നിർമിച്ച കുടിൽ ആരുടെയും കണ്ണ് നിറക്കുന്നതായിരുന്നു. ഇവിടെയാണ് 88 വയസ്സുള്ള ഗൗരിയമ്മയും അനുജത്തിയുടെ മകൻ ഷാജിയും ചെറുമകനും താമസിച്ചിരുന്നത്. 50 വർഷം പിന്നിട്ടു ഗൗരിയമ്മ വിധവയായിട്ട്. 12 മക്കളിൽ 10 പേരും മരിച്ചു. ചൂലുണ്ടാക്കി വിറ്റാണ് ഇവർ കഴിഞ്ഞിരുന്നത്. രണ്ട് മക്കൾ ഇപ്പോൾ വേറെയാണ് താമസിക്കുന്നത്. അനുജത്തിയുടെ മകൻ ഷാജി കൂലിപ്പണി ചെയ്താണ് കഴിയുന്നത്. കുടിക്കാൻ വെള്ളമോ ശൗചാലയംപോലും ഇല്ലാതിരുന്ന ഈ കുടുംബം സമീപത്തെ വീടുകളിൽനിന്നായിരുന്നു വെള്ളം എടുത്തിരുന്നത്. എന്നാൽ, ഈ കുടുംബത്തിെൻറ അവസ്ഥ അറിയാത്തവരായി ആരും ഉണ്ടായിരുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും മോഹനവാഗ്ദാനങ്ങളുമായി കുടിലിൽ എത്തിയവർ പിന്നീട് തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്ന് ഗൗരിയമ്മ പറയുന്നു. എന്നാൽ, ഈകാര്യം ശ്രദ്ധയിൽപെട്ട വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കെടാച്ചിറ രംഗത്തുവരുകയും സംഭവം അധികൃതർക്ക് മുന്നിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് 2016--17ലെ പുറമ്പോക്ക് പുനരധിവാസ പദ്ധതിപ്രകാരം സ്ഥലവും വീടും അനുവദിക്കുകയായിരുന്നു. കറുകച്ചാൽ മുഴുവൻകുഴി ഭാഗത്താണ് സ്ഥലം കണ്ടെത്തിയത്. അടുത്ത വർഷത്തോടെ വീട് പൂർത്തിയാക്കാൻ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.