തലയോലപ്പറമ്പിനെ ഞെട്ടിച്ച് കള്ളനോട്ട് വേട്ടയും

തലയോലപ്പറമ്പ്: ദാരുണമായൊരു കൊലപാതകത്തിനു പിന്നാലെ തലയോലപ്പറമ്പില്‍ കള്ളനോട്ട് വേട്ട. ഇത്തവണ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവും കണ്ടാണ് ജനം ഞെട്ടിയത്. കള്ളനോട്ടടി കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് കടയുടെ മുന്നില്‍ തടിച്ചുകൂടിയത്. ഇതുമൂലം തലയോലപ്പറമ്പ്-മറവന്‍തുരുത്ത് റോഡ്, തലയോലപ്പറമ്പ്-അടിയം റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. തലയോലപ്പറമ്പിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് പൊലീസ് 10 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ പ്രിന്‍റര്‍, സ്കാനര്‍, കട്ടിങ് മെഷീന്‍, പേപ്പര്‍ എന്നിവയുമാണ് പിടിച്ചെടുത്തത്. വടയാര്‍ ആമ്പഴശേരിത്തറ ഷൈജുവിന്‍െറ തലയോലപ്പറമ്പിലെ ദേവീ ഓട്ടോമൊബൈല്‍ കടയില്‍നിന്ന് മൂന്നരലക്ഷം രൂപയും പള്ളിപ്പുറത്തുശേരി ചെട്ടിയാം വീട്ടില്‍ വി. അനീഷ് നടത്തുന്ന പാലാംകടവിലെ നൂപുരം സ്റ്റിക്കര്‍ പ്രിന്‍റിങ് കടയില്‍നിന്ന് 39,000 രൂപയും കള്ളനോട്ടടി യന്ത്രവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ 19നാണ് തലയോലപ്പറമ്പിനെ ഞെട്ടിച്ച അറുകൊല നടന്നത്. പൊതി സൂര്യഭവനില്‍ സൂരജ് (27) കാമുകിയെ ഉറക്കഗുളികകൊടുത്ത് മയക്കി കഴുത്തില്‍ കയറിട്ടു മുറുക്കികൊന്ന് പൊതി പാറമടയില്‍ 13ന് തള്ളുകയായിരുന്നു. കൊല്ലപ്പെട്ട വടയാര്‍ പട്ടുമ്മേല്‍ സുകന്യയും (22) പ്രതി സൂരജും കൊലനടന്ന 13ന് പകല്‍ കോട്ടയം നഗരത്തില്‍ കാറില്‍ കറങ്ങിയിരുന്നു. കാര്‍ വാടകക്ക് കൊടുത്ത കേസില്‍ കള്ളനോട്ട് വിതരണ കേസില്‍ പിടിയിലായ ഷൈജുവിനെ പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു. 2012ല്‍ ഗുജറാത്തില്‍ 75 ലക്ഷത്തിന്‍െറ വ്യാജനോട്ടുമായി പിടിയിലായ അനീഷ് നാലു വര്‍ഷമായി തിഹാര്‍ ജയിലിലായിരുന്നു. സൂരജുമായി തലയോലപ്പറമ്പിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാട്ടുകാരെ അമ്പരിപ്പിച്ച് രണ്ടാമതൊരു സംഭവം കൂടി ഉണ്ടാകുന്നത്. സ്റ്റിക്കര്‍ പ്രിന്‍റിങ്ങിന്‍െറ മറവിലാണ് വ്യാജനോട്ടടി നടത്തിവന്നത്. ഞായറാഴ്ച രാവിലെ മല്ലപ്പള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആറു ലക്ഷം രൂപയടങ്ങിയ ബാഗുമായി നില്‍ക്കുമ്പോഴാണ് കീഴവായ്പ്പൂര് പൊലീസ് അനീഷിനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് തലയോലപ്പറമ്പില്‍ എത്തിച്ചത്. തലയോലപ്പറമ്പ് എസ്.ഐ രജന്‍കുമാര്‍, ഷാഡോ പൊലീസുകാരായ ബിജു മാത്യു, സലീം, വിനോദ്, സുജിത്, എ.എസ്.ഐ ഉണ്ണിത്താന്‍, സൈബര്‍ സെല്ലിലെ ശ്രീകുമാര്‍, തിരുവല്ല ഡിവൈ.എസ്.പി ചന്ദ്രശേഖര പിള്ള, മല്ലപ്പള്ളി സി.ഐ സലീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.