വാഹനങ്ങളുടെ ശവപ്പറമ്പായി പൊലീസ് സ്റ്റേഷന്‍ വളപ്പ്

കോട്ടയം: പൊലീസ് സ്റ്റേഷന്‍ വളപ്പുകള്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ശവപ്പറമ്പുകളാവുന്നു. വിവിധ കേസുകളില്‍ കസ്റ്റഡിയിലെടുത്തതും അപകടങ്ങളില്‍പെട്ട വാഹനങ്ങളും മോഷണ വാഹനങ്ങളുമാണ് പൊലീസ് സ്റ്റേഷനുകളില്‍ തുരുമ്പെടുത്തു നശിക്കുന്നത്. വര്‍ഷങ്ങളായി വെയിലും മഴയുമേറ്റ് തുരുമ്പിച്ച് ജീര്‍ണിച്ച ഉടലുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകളില്‍ കിടക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കംചെന്നത് മുതല്‍ ഏറ്റവും പുതിയത് വരെയുണ്ട് കുന്നുകൂടിക്കിടിക്കുന്നവയില്‍. നഗരത്തിലെ കോട്ടയം വെസ്റ്റ്, കലക്ടറേറ്റ് വളപ്പ്, ചിങ്ങവനം സ്റ്റേഷന്‍ തുടങ്ങി വിവിധയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത് കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണ്. കാടും മറ്റും പടര്‍ന്ന് കയറിയ വാഹനങ്ങള്‍ ഇപ്പോള്‍ ഇഴജന്തുക്കളുടെ താവളമാണ്. ഇരുചക്രവാഹനങ്ങള്‍, മിനിലോറി, കാര്‍ തുടങ്ങി ബസുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണവും ഓരോദിനം കഴിയുംതോറും വര്‍ധിക്കുകയാണ്. ഇതോടെ സ്റ്റേഷന്‍െറ കോമ്പൗണ്ടില്‍ പാര്‍ക്കിങ്ങിന്പോയിട്ട് നിന്നുതിരിയാന്‍ പോലും സൗകരമില്ലാതായിട്ടുണ്ട്. സ്റ്റേഷന്‍ പരിസരം വാഹനങ്ങളെക്കൊണ്ട് നിറഞ്ഞതിനാല്‍ റോഡരികിലാണ് വാഹനങ്ങള്‍ പലയിടത്തും പൊലീസ് ഉപേക്ഷിക്കുന്നത്. ഇത് ഗതാഗതതടസ്സത്തിനും കാരണമാകുന്നു. 2014ല്‍ ഇതിനെതിരെ ചിലര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും കൂട്ടിയിട്ട വാഹനങ്ങള്‍ ഉടന്‍ നീക്കംചെയ്യണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍െ ഉത്തരവ്. എന്നാല്‍ നടപടിയെടുക്കാന്‍ ആരും തയാറായില്ല. രണ്ടു വര്‍ഷത്തിന് ശേഷവും നടപടികളൊന്നും ഉണ്ടായിട്ടില്ളെന്നാണ് ഓരോ സ്റ്റേഷന്‍ പരിസരവും പറയുന്നത്. കലക്ടറേറ്റടക്കം മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരത്തും നിരവധി വാഹനങ്ങളാണ് തള്ളിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.