പെരുന്ന കൊലപാതകം: പഞ്ചായത്ത് അംഗം നിരവധി കേസുകളില്‍ പ്രതി

ചങ്ങനാശേരി: പെരുന്ന കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. പെരുന്ന ബസ്സ്റ്റാന്‍ഡില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യുവജന വിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്‍റ് തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു (33) കുത്തേറ്റു മരിച്ച സംഭവത്തിലാണ് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായത്. പ്രതിയായ തൃക്കൊടിത്താനം പഞ്ചായത്ത് അംഗം നിഥിന്‍ ജോസഫിനെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റായിരുന്ന നിഥിന്‍ ഫ്രാന്‍സിസിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 2012ല്‍ ചങ്ങനാശേരി പൊലീസില്‍ കേസുണ്ട്. കൂടാതെ സ്റ്റേഷനുകളിലേക്ക് നിഥിനെതിരെ നിരവധിയാളുകള്‍ പരാതി വിളിച്ചു പറയുന്നതായും പൊലീസ് പറയുന്നു. ഗുണ്ടാസംഘത്തിന്‍െറ പിന്‍തുണയോടെ കെട്ടിട നിര്‍മാണ കരാറുകാരെയും മണല്‍ കടത്തുന്ന സംഘങ്ങളെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി ചങ്ങനാശേരി ഡിവൈ.എസ്.പി വി. അജിത്തിനു പരാതി ലഭിച്ചു. നിഥിനു പിന്നില്‍ എന്തിനും മടിയില്ലാത്ത ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയാവുന്ന നാട്ടുകാര്‍ പരസ്യമായി രംഗത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. കേസിലെ പ്രതി ഷമീറിന്‍െറ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ചങ്ങനാശേരിയില്‍ കഞ്ചാവ് എത്തിക്കുന്ന മാഫിയ സംഘത്തിനു സംരക്ഷണം നല്‍കിയിരുന്നതെന്നും കൊലക്കേസിലെ മറ്റൊരു പ്രതിയായ അര്‍ജുനെ നേരത്തേ കഞ്ചാവ് കൈവശംവെച്ച കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പു തുരുത്തിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കില്‍ ഇടിച്ചിരുന്നു. തര്‍ക്കമുണ്ടായപ്പോള്‍ സംഘം വടിവാള്‍ വീശി ഇവരെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 8.30ന് പത്തോളം കുത്തേറ്റാണ് മനു മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.