പനച്ചിക്കാട് ദക്ഷിണമൂകാംബിയില്‍ ആദ്യക്ഷരം കുറിച്ചത് ആയിരങ്ങള്‍

കോട്ടയം: അറിവിന്‍െറ ആദ്യക്ഷരം കുറിക്കാന്‍ നാടിന്‍െറ നാനാദിക്കില്‍നിന്ന് അക്ഷരദേവതയുടെ സന്നിധിയായ പനച്ചിക്കാട് ദക്ഷിണമൂകാംബിയിലേക്ക് കുരുന്നുകളുടെ നിലക്കാത്ത പ്രവാഹം. ഹരിശ്രീ മന്ത്രധ്വനികളാല്‍ മുഖരിതമായ സരസ്വതീ ക്ഷേത്രാങ്കണത്തില്‍ ആയിരക്കണക്കിനു കുരുന്നുകളാണ് വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ മുതല്‍ ആചാര്യന്മാരുടെ മടിയിലിരുന്ന് ആദ്യക്ഷരം കുറിച്ച് അറിവിന്‍െറ ലോകത്തേക്ക് പിച്ചവെച്ചത്. ഇണങ്ങിയും പിണങ്ങിയും കുറുമ്പുകാട്ടിയും കുഞ്ഞുങ്ങള്‍ അറിവിന്‍െറ മധുരം ആദ്യമായി അനുഭവിക്കുമ്പോള്‍ മാതാപിതാക്കളുടെയും സാക്ഷിയാകാനത്തെിയ ബന്ധുക്കളുടെയും നാവില്‍ ഹരിശ്രീ ഗണപതയേ ധ്വനിയുയര്‍ന്നു. ആദ്യക്ഷരം കുറിക്കുന്നതിനിടെ ആചാര്യന്മാരുടെ മടിയിലിരുന്ന് ചിലര്‍ വിങ്ങിക്കരയുന്നുണ്ടായിരുന്നു. പിണങ്ങി പൊട്ടിക്കരഞ്ഞ ചിലരെ ബലമായി പിടിച്ചാണ് നാവില്‍ സ്വര്‍ണംകൊണ്ട് അക്ഷരം കുറിച്ചതും അരിയില്‍ അക്ഷരം കുറിപ്പിച്ചതും. പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ 50ഓളം ആചാര്യന്മാരാണ് അക്ഷരദേവതയായ സരസ്വതീസന്നിധിയില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിച്ചത്. പുലര്‍ച്ചെ നാലിനു തുടങ്ങിയ വിദ്യാരംഭ ചടങ്ങ് വൈകുന്നേരംവരെ നീണ്ടു. കുട്ടികളെയുംകൊണ്ട് സംസ്ഥാനത്തിന്‍െറ തെക്കേയറ്റം മുതലുള്ള ആളുകള്‍ തലേന്ന് രാത്രിതന്നെ എത്തിത്തുടങ്ങിയിരുന്നു. പുലര്‍ച്ചെയോടെ ക്ഷേത്രപരിസരം നിറഞ്ഞുകവിഞ്ഞു. പണിശാലകളില്‍ പണി ആയുധങ്ങളും വീടുകളിലും ക്ഷേത്രങ്ങളിലും ഗ്രന്ഥങ്ങളും പൂജവെച്ചിരുന്നത് രാവിലെ പൂജയെടുപ്പ് ചടങ്ങ് നടത്തി. തിരുനടയിലെ മണലില്‍ അക്ഷരമെഴുതിയാണ് ഭക്തര്‍ തൊഴുതുമടങ്ങിയത്. ഒമ്പതു ദിവസമായി നിരവധി കലാകാരന്മാരും കലാകാരികളുമാണ് സരസ്വതീമണ്ഡപത്തില്‍ അരങ്ങേറ്റം കുറിക്കാനും പരിപാടി അവതരിപ്പിക്കാനുമത്തെിയത്. ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പൊലീസുകാരെ ഇവിടേക്ക് ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍, ചങ്ങനാശേരി ഡിവൈ.എസ്.പി വി. അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാസംവിധാനം. ഫയര്‍ഫോഴ്സ് യൂനിറ്റുകളും മുന്‍കരുതലിന് എത്തിയിരുന്നു. ക്ഷേത്രങ്ങളെ കൂടാതെ ചില സ്ഥാപനങ്ങളുടെ നേതൃത്വത്തിലും സാഹിത്യ-സാംസ്കാരിക-വിദ്യാഭ്യാസ-ശാസ്ത്ര-കലാരംഗത്തെ പ്രമുഖര്‍ കുട്ടികളെ എഴുത്തിനിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.