ഏറ്റുമാനൂരില്‍ എസ്.പി. പിള്ളയുടെ സ്മാരകം നിര്‍മിക്കും –സുരേഷ്കുറുപ്പ് എം.എല്‍.എ

ഏറ്റുമാനൂര്‍: ഹാസ്യസമ്രാട്ടും ഏറ്റുമാനൂരിന്‍െറ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായ ചലച്ചിത്രതാരം എസ്.പി. പിള്ളയുടെ പേരില്‍ ജന്മനാട്ടില്‍ സ്മാരകം നിര്‍മിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് കെ. സുരേഷ്കുറുപ്പ് എം.എല്‍.എ പറഞ്ഞു. സാംസ്കാരികരംഗത്ത് പ്രയോജനപ്പെടുത്താനാവും വിധമുള്ള സ്മാരകത്തിന് സര്‍ക്കാറില്‍നിന്ന് ആവശ്യമായ തുക വകയിരുത്തുന്നതിന് സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റുമാനൂര്‍ മീഡിയ സെന്‍ററിന്‍റെ ആറാമത് വാര്‍ഷികം ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. മലയാള സിനിമാ രംഗത്ത് എസ്.പി. പിള്ളക്ക് റോള്‍ മോഡല്‍ ആയി ആരും ഇല്ലായിരുന്നു. അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ആവിഷ്കരിച്ച അഭിനവപാടവം പിന്നാലെ എത്തിയവര്‍ മാതൃകയാക്കുവായിരുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ ചലച്ചിത്ര സംവിധായകനും നിര്‍മാതാവും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അന്തരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും എസ്.പി. പിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിന് ജന്മനാട്ടില്‍ ഒരു സ്മാരകം ഉയരാതിരുന്നത് അദ്ദേഹത്തോടുള്ള നന്ദികേടാണ് സൂചിപ്പിക്കുന്നതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. എസ്.പി. പിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിന് നഗരത്തില്‍ ഉചിതമായ സ്ഥാനത്ത് അദ്ദേഹത്തിന്‍റെ പ്രതിമ നിര്‍മിക്കുമെന്നും ഇത് അടുത്ത മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ളാക്കിതൊട്ടിയില്‍ ഉറപ്പുനല്‍കി. യോഗത്തില്‍ മീഡിയ സെന്‍റര്‍ ഭാരവാഹികള്‍ ഉയര്‍ത്തിയ ആവശ്യത്തെ തുടര്‍ന്നായിരുന്നു സ്മാരകത്തെ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായത്. പ്രസിഡന്‍റ് രാജു കുടിലില്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം മഞ്ജു പിള്ള, ജനറല്‍ സെക്രട്ടറി ബി. സുനില്‍കുമാര്‍, ആത്മജവര്‍മ തമ്പുരാന്‍, ഹരി ഏറ്റുമാനൂര് എന്നിവര്‍ സംസാരിച്ചു. ടോണി വെമ്പള്ളിയുടെ പേരിലെ പ്രഥമ മാധ്യമ പുരസ്കാരം മംഗളം ലേഖകന്‍ ജോസ് കാണക്കാരിക്ക് ശ്രീകുമാരന്‍ തമ്പി നല്‍കി. പേരിലുള്ള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്‍റ് എന്‍. അരവിന്ദാക്ഷന്‍ നായര്‍, ഏറ്റുമാനൂര്‍ ശിവപ്രസാദ്, സാമൂഹികപ്രവര്‍ത്തകന്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.