ഗാന്ധി ദര്‍ശനത്തിന് ഏറെ പ്രസക്തി –തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും രാജ്യത്തിന്‍െറ ശാന്തിക്കും സമാധാനത്തിനും വിഘാതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ഗാന്ധി ദര്‍ശനത്തിന് ഏറെ പ്രസക്തിയുള്ളതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്ക്വയറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി പ്രതിമയില്‍ എം.എല്‍.എയും വിശിഷ്ടാതിഥികളും ഹാരാര്‍പ്പണം നടത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ അധ്യക്ഷതവഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി സി.ജി. വാസുദേവന്‍ നായര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗണ്‍സിലര്‍മാരായ എസ്. ഗോപകുമാര്‍, ടി.സി. റോയ്, എക്സൈസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് റിച്ചാര്‍ഡ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വി.വി. മാത്യു, കോട്ടയം തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍, മുന്‍നഗരസഭാ ചെയര്‍മാന്‍ സണ്ണി കലൂര്‍, വിദ്യാഭ്യാസ ഓഫിസര്‍ ത്രേസ്യാമ്മ ജോസഫ്, വില്ളേജ് ഓഫിസര്‍ ശ്രീകുമാര്‍, എച്ച്.എസ്. മുഹമ്മദ് ഷാഫി, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, ഗാന്ധിയന്‍ സംഘടനാ പ്രതിനിധികള്‍, ഭാരത വികലാംഗ സമിതി, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.സി. സുരേഷ് കുമാര്‍ സ്വാഗതവും അസി. എഡിറ്റര്‍ സിനി കെ. തോമസ് നന്ദിയും പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തിനു മുന്നോടിയായി കലക്ടറേറ്റ് വളപ്പില്‍നിന്ന് എക്സൈസ് വകുപ്പ് നേതൃത്വത്തില്‍ ആരംഭിച്ച ലഹരിവിരുദ്ധ ബോധവത്കരണ കൂട്ടയോട്ടം നടത്തി. എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി അംഗങ്ങളും ഐ.സി.ഡി.എസ് അംഗങ്ങളും കൂട്ടയോട്ടത്തില്‍ പങ്കാളികളായി. ബധിര യുവാക്കളുടെ സംഘടനയായ ചലഞ്ചര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് ഫോര്‍ ഡെഫിലെ അംഗങ്ങളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. കലക്ടറേറ്റ് വളപ്പില്‍ എന്‍.സി.സി നേതൃത്വത്തില്‍ ശുചീകരണം നടന്നു. നട്ടാശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി സ്മാരക സേവാ കേന്ദ്രത്തില്‍ ലളിതം ജീവിതം എന്ന ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. പായിപ്പാട് നാലുകോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പി.ആര്‍.ഡിയുടെ സഹകരണത്തോടെ ജില്ലാ മെഡിക്കല്‍ ഓഫിസും ജെ.സി.ഐ നാലുകോടി യൂനിറ്റും സംഘടിപ്പിച്ച ത്വഗ്രോഗ മെഡിക്കല്‍ ക്യാമ്പില്‍ 2000 ത്തോളം പേര്‍ പങ്കെടുത്തു. ശുചീകരണ ദിനമായി ആചരിക്കുന്ന തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ കലക്ടറേറ്റ് വളപ്പും ഓഫിസുകളും എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.