ഗോപകുമാര്‍ ഇനി ഏഴുപേരില്‍ ജീവിക്കും

കോട്ടയം: മസ്തിഷ്കമരണം സംഭവിച്ചയാളുടെ ഏഴ് അവയവങ്ങള്‍ ദാനം ചെയ്തു. ചങ്ങനാശേരി ശാന്തിപുരം അരീക്കല്‍ ഗോപകുമാറിന്‍െറ (28) ഹൃദയം, ശ്വാസകോശം, വൃക്ക, കരള്‍, കണ്ണ് എന്നീ അവയവങ്ങളാണ് ഏഴുപേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയം ചെന്നൈ ഫോര്‍ത്തിസ് മലര്‍ ആശുപത്രിയിലേക്കും ശ്വാസകോശം ചെന്നൈയിലെ തന്നെ ഗ്ളോബല്‍ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. വലതുവൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും ഇടതുവൃക്ക എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോകും. കരള്‍ കൊച്ചി ലേക്ഷോറിലേക്കാണ് കൊണ്ടുപോകുന്നത്. ഇരു കണ്ണുകളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. അവയവങ്ങള്‍ ശരീരത്തില്‍നിന്ന് മാറ്റുന്ന ശസ്ത്രക്രിയ ഞായറാഴ്ച രാത്രി 10.30ന് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ 11ന് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. ഗോപകുമാറിന്‍െറ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. ഇതിനത്തെുടര്‍ന്ന് കാരിത്താസ് ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന്‍െറ മൃതസഞ്ജീവനി പദ്ധതിയിലൂടെ വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ട് അവയവദാനത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ഐസ്ക്രീം ചില്ലറ വില്‍പ്പനക്കാരനായ ഗോപകുമാറിന്‍െറ വിവാഹനിശ്ചയം കഴിഞ്ഞിരിക്കവേയാണ് ഏവരേയും കണ്ണീരണിയിച്ച വിയോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.