പള്ളി നിര്‍മാണത്തിന്‍െറ പേരില്‍ അഭിഭാഷകന്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി

കോട്ടയം: ചങ്ങനാശേരി കോട്ടമുറിയില്‍ മസ്ജിദും മദ്റസയും നിര്‍മിക്കാനെന്ന പേരില്‍ പണപ്പിരിവ് നടത്തി അഭിഭാഷകന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ഇതു സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്ന് നാട്ടുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചങ്ങനാശേരി ബാറിലെ അഭിഭാഷകനായ മാടപ്പള്ളി സ്വദേശിയാണ് പണപ്പിരിവ് നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. തന്‍െറയും ഭാര്യയുടെയും പേരില്‍ മുസ്ലിം എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ പേരില്‍ സ്ഥലം വാങ്ങിയാല്‍ പള്ളി നിര്‍മിക്കാന്‍ സഹായം ലഭിക്കുമെന്നും പ്രദേശവാസികളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതത്രെ. ഇതിന്‍െറ ഭാഗമായി കോട്ടമുറി ജമാഅത്ത് എന്ന പേരില്‍ കമ്മിറ്റിയും രൂപവത്കരിച്ചു. എന്നാല്‍, ലഭിക്കുന്ന പണം ജമാഅത്ത് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ട്രസ്റ്റിന്‍െറ പേരില്‍തന്നെ സ്വീകരിക്കുകയായിരുന്നു. ഇതിനിടെ സ്ഥലവാസിയായ ബഷീറിന്‍െറ വീട്ടില്‍ മതപഠനക്ളാസ് ആരംഭിക്കുകയും ഇതിന്‍െറ ഫോട്ടോയെടുത്ത് സ്വദേശത്തും വിദേശത്തുമായി വ്യാപക പണപ്പിരിവും നടത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നായി 45 ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ടെന്ന് കോട്ടമുറി ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.എ. ബഷീര്‍ പറഞ്ഞു. പണം ജമാഅത്തിന്‍െറ പേരില്‍ ജോയിന്‍റ് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറി. പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ അന്വേഷണം വരുമെന്നും സ്വയം സൂക്ഷിക്കാമെന്നുമായിരുന്നത്രെ അഭിഭാഷകന്‍െറ നിലപാട്. 2016 ജനുവരി 27ന് നടന്ന പൊതുയോഗത്തില്‍ കണക്ക് ആവശ്യപ്പെട്ടപ്പോള്‍ 25 ലക്ഷം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതില്‍ എട്ടുലക്ഷം ചെലവായെന്നും ബാക്കി 17 ലക്ഷം ട്രഷററെ ഏല്‍പിക്കാമെന്ന് പറഞ്ഞെങ്കിലും തുക നല്‍കിയിട്ടില്ളെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരാതിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രദേശവാസികളായ 32 പേരാണ് കോട്ടയം എസ്.പിക്ക് നല്‍കിയ പരാതിയില്‍ ഒപ്പുവെച്ചത്. വാര്‍ത്താസമ്മേളനത്തില്‍ കോട്ടമുറി ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷെരീഫ്, ട്രഷറര്‍ കെ. അഷ്റഫ് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.