കുറവിലങ്ങാട്: പുതിയ സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ച് കുറവിലങ്ങാട്. നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാറിന്‍െറ സഹായം ലഭിക്കുന്നതിനുവേണ്ടി കാത്തുകെട്ടി നില്‍ക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മോന്‍സ് ജോസഫ് എം.എല്‍.എയുടെ ശ്രമഫലമായി നിരവധി പദ്ധതികളാണത്തെിയത്. കോഴായില്‍ കൃഷിവകുപ്പില്‍നിന്ന് ഏറ്റെടുത്ത 30 ഏക്കര്‍ സ്ഥലത്ത് ദക്ഷിണേന്ത്യയിലെ ആദ്യസയന്‍സ് സിറ്റിയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് മ്യൂസിയം, സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവയുടെ മേല്‍നോട്ടത്തിലുള്ള വിവിധ നിര്‍മാണ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ സര്‍ക്കാറും സയന്‍സ് സിറ്റിക്കായി ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്. ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം എത്രയും വേഗം ഇങ്ങോട്ടുമാറ്റണമെന്നാണ് മറ്റൊരു പ്രധാനാവശ്യം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ജീവനക്കാരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും നടപ്പായില്ല. ആശുപത്രി സൂപ്രണ്ട്, 10 ഡോക്ടര്‍മാര്‍, ആറ് നഴ്സുമാര്‍, 12 ഓഫിസ് സ്റ്റാഫ് എന്നിവരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനുള്ള ഫയലുകള്‍ ആരോഗ്യ-ധനകാര്യ വകുപ്പുകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. പട്ടിത്താനം-മൂവാറ്റുപുഴ റീച്ചിലെ നവീകരണ ജോലികള്‍ അടുത്തവര്‍ഷം മാര്‍ച്ചിനകം പൂര്‍ത്തിയാക്കി റോഡ് കെ.എസ്.ടി.പിക്ക് കൈമാറണമെന്നാണ് കരാര്‍. പക്ഷേ, നിലവിലുള്ള അവസ്ഥയില്‍ ഇത് നടപ്പാകാന്‍ സാധ്യതയില്ല. കിടങ്ങൂര്‍-കൂത്താട്ടുകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാകുന്നതും നാട് കാത്തിരിക്കുകയാണ്. റോഡ് നവീകരണത്തിനായി 2009ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 കോടിയുടെ പാക്കേജില്‍ അവശേഷിക്കുന്ന അഞ്ചു കോടിയാണ് ഇതിനായി വിനിയോഗിക്കുക. മംഗലത്താഴംവരെ 22 കൊടുംവളവുകളാണ് ഉള്ളത്. ജനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളുടെ കുറവ്. എം.സി റോഡ് ഉള്‍പ്പെടെയുള്ള പാതകളില്‍ കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ അനുവദിക്കുമെന്നും ഇതിനായി പ്രത്യേക പാക്കേജ് രൂപവത്കരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, റോഡ് നവീകരണം പകുതിയോളം പൂര്‍ത്തിയായിട്ടും ബസുകളുടെ എണ്ണം കുറഞ്ഞതല്ലാതെ കൂടിയില്ല. അതുപോലെ തന്നെ ഉഴവൂരില്‍ പൊലീസ് ഒൗട്ട്പോസ്റ്റ്, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്, കുറവിലങ്ങാട് വൈദ്യുതി ഭവന്‍െറ പൂര്‍ത്തീകരണം, കൂടുതല്‍ പഞ്ചായത്തുകളില്‍ ജലനിധി പദ്ധതി, തരിശുകിടക്കുന്ന പാടങ്ങളില്‍ നെല്‍കൃഷിക്ക് ധനസഹായം, പൂട്ടിയ ത്രിവേണി സ്റ്റോറുകള്‍ തുറക്കാന്‍ നടപടി തുടങ്ങിയവയിലാണ് നാട് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.