മോനിപ്പള്ളിയില്‍ ഡ്രൈവിങ് ടെസ്റ്റിങ് ട്രാക് നിര്‍മാണം അന്തിമഘട്ടത്തില്‍

കുറവിലങ്ങാട്: മോനിപ്പള്ളിയില്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍മിക്കുന്ന കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്, ഓട്ടോമേറ്റഡ് വെഹിക്ക്ള്‍ ടെസ്റ്റിങ് സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. അടുത്തമാസം പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍വാഹനവകുപ്പ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കാണ് മോനിപ്പള്ളിയിലേത്. നിലവില്‍ സംസ്ഥാനത്ത് പാറശാല, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷനുള്ളത്. യന്ത്രസഹായത്തോടെ വാഹനങ്ങളുടെ പരിശോധനയും ഫിറ്റ്നെസ് ടെസ്റ്റും നടത്താന്‍ ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷന് സാധിക്കും. ഇപ്പോള്‍ വാഹനത്തിന്‍െറ ടെസ്റ്റിങ് നടത്തുന്നത് സാധാരണ രീതിയിലാണ്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഓരോ വാഹനത്തിന്‍െറയും ബ്രേക്കും ക്ളച്ചും മറ്റ് കാര്യങ്ങളുമൊക്കെ പരിശോധിക്കുന്നത്. ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷന്‍ വന്നാല്‍ പരിശോധനയുടെ കൃത്യത വര്‍ധിക്കും. ആധുനിക രീതിയിലുള്ള ഡ്രൈവര്‍ ടെസ്റ്റിങ് ട്രാക്കാണ് മറ്റൊരു സംവിധാനം. ഡ്രൈവിങ് പഠിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് മുമ്പ് പരീക്ഷ നടത്താനുള്ള ആധുനിക ട്രാക്കാണിത്. കോട്ടയം ജില്ലയില്‍ ഉഴവൂര്‍ ജോയന്‍റ് ആര്‍.ടി ഓഫിസിന് കീഴില്‍ മാത്രമാണ് ഇത്തരത്തിലൊരു സംവിധാനം നിലവില്‍ വരുന്നത്. മൂന്നുകോടിയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിലെ മുതല്‍മുടക്ക്. രണ്ടാംഘട്ടത്തില്‍ കുട്ടികള്‍ക്കായുള്ള ട്രാഫിക് പാര്‍ക്ക്, ഓട്ടോമാറ്റിക് കാമറ ഇന്‍സ്പെക്ഷന്‍ സെന്‍റര്‍ എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്. കോട്ടയം ജില്ലാ അതിര്‍ത്തിയായ കല്ലിടുക്കിയില്‍ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ ഉടമസ്ഥയിലായിരുന്ന രണ്ടരയേക്കര്‍ സ്ഥലത്താണ് നിര്‍മാണം. കെട്ടിടം ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്നതിനുള്ള യന്ത്രസംവിധാനങ്ങള്‍ വരുംദിവസങ്ങളില്‍ സ്ഥാപിക്കും. മോനിപ്പള്ളിയില്‍ ഉഴവൂര്‍ പഞ്ചായത്തിന്‍െറ ഉടമസ്ഥതയിയിലുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങള്‍ കഴിഞ്ഞ ദിവസം കല്ലിടുക്കിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുമ്പ് മോനിപ്പള്ളിയിലത്തെിച്ച യന്ത്രങ്ങള്‍ കാലപ്പഴക്കം മൂലം ഉപയോഗ ശൂന്യമാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. കെല്‍ട്രോണിനാണ് നിര്‍മാണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.