എരുമേലി: തീര്‍ഥാടനകാലത്ത് ടണ്‍ കണക്കിന് മാലിന്യം അടിഞ്ഞുകൂടുന്ന വലിയതോട് ശുചീകരണത്തിന് 2.20 കോടിയുടെ പദ്ധതി പരിഗണനയില്‍. പദ്ധതി നടപ്പായാല്‍ തീര്‍ഥാടന കാലത്തിനുശേഷം മാസങ്ങളോളം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും. മണ്ഡല-മകരവിളക്ക് കാലത്ത് തീര്‍ഥാടന കേന്ദ്രമായ എരുമേലിയിലെ ജനങ്ങളും ഭരണാധികാരികളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ടൗണിന്‍െറ സമീപത്തുകൂടി ഒഴുകുന്ന വലിയതോട്. ജലദൗര്‍ലഭ്യവും തോട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ടണ്‍ കണക്കിന് മാലിന്യവും മൂലം ദുര്‍ഗന്ധവും കൊതുക്, ഈച്ച എന്നിവയുടെ ശല്യവും രൂക്ഷമാകും. തീര്‍ഥാടന കാലങ്ങള്‍ക്ക് മുമ്പ് എരുമേലിയില്‍ ചേരുന്ന അവലോകന യോഗങ്ങളില്‍ വലിയതോട് ശുചീകരണത്തിന് മുന്‍ഗണന നല്‍കുകയും ഇതിനായി ഫണ്ടുകള്‍ മാറ്റിവെക്കുന്നതും പതിവാണ്. എന്നാല്‍, തോടിന്‍െറ ഏതാനും മീറ്ററുകളില്‍ ഒതുങ്ങും ശുചീകരണം. തീര്‍ഥാടനകാലത്ത് ജലദൗര്‍ലഭ്യവും മലിനീകരണവും നേരിടുന്ന തോടിന്‍െറ ശുചീകരണവും സംരക്ഷണവും ലക്ഷ്യമാക്കി രണ്ടുവര്‍ഷം മുമ്പ് 2.20കോടി അനുവദിച്ചെങ്കിലും നടപ്പായില്ല. കരിങ്കല്ലുംമൂഴി മുതല്‍ കൊരട്ടി വരെയുള്ള ഭാഗങ്ങളില്‍ തോടിന്‍െറ വശങ്ങള്‍ കെട്ടുന്നതിനൊപ്പം, തോട്ടിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാന്‍ വല നിര്‍മിക്കാനും തോടിന്‍െറ ആഴം കൂട്ടുക, വശങ്ങളില്‍ ഉദ്യാനങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. തീര്‍ഥാടനകാലത്ത് ജലദൗര്‍ലഭ്യം നേരിടുന്ന തോട്ടില്‍ തടയണകള്‍ നിര്‍മിച്ച് ജലവിതാനം നിലനിര്‍ത്താനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, എല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. നിലവില്‍ എരുമേലിയിലെ മാലിന്യത്തില്‍ ഏറിയപങ്കും തോട്ടിലേക്കാണത്തെുന്നത്. ദ്രവമാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്തതിനാല്‍ ഓടകള്‍ വഴിയുള്ള മാലിന്യവും തോട്ടിലേക്കത്തെുന്നു. പേട്ട തുള്ളിയത്തെുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ കുളിക്കുന്നതും വലിയ തോട്ടിലെ കുളിക്കടവിലാണ്. ജലദൗര്‍ലഭ്യം നേരിടുന്നതിനാല്‍ തീര്‍ഥാടന കാലങ്ങളില്‍ ദേവസ്വം ബോര്‍ഡ് മണിമലയാറ്റിലെ കൊരട്ടി കടവില്‍ നിന്ന് വെള്ളം കുളിക്കടവിലത്തെിക്കുകയാണ്. എന്നാല്‍, ഇത്തവണ എരുമേലി ടൗണിന്‍െറ ഹൃദയഭാഗത്തൂടെ ഒഴുകുന്ന വലിയ തോടിന്‍െറ ശുചീകരണത്തിന് 2.20 കോടിയുടെ ബൃഹത്പദ്ധതിയാണ് പരിഗണനയിലുള്ളത്. തീര്‍ഥാടന മുന്നൊരുക്കം അവലോകനംചെയ്യാന്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍, എരുമേലി തോട് ശുചീകരണപദ്ധതി പരിഗണിക്കുമെന്നും ഫണ്ട് അനുവദിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. തീര്‍ഥാടനകാലത്തെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി കനകപ്പലം 110 കെ.വി സബ്സ്റ്റേഷന്‍ കമീഷന്‍ ചെയ്യണമെന്നും മാലിന്യനിര്‍മാര്‍ജനത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കണമെന്നും എരുമേലി കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം, ആശുപത്രി, കെ.എസ്.ആര്‍.ടി.സി സെന്‍റര്‍ വികസനം തുടങ്ങി എരുമേലിയുടെ പ്രധാന്യം കണക്കിലെടുത്ത് വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗ്രാമപഞ്ചായത്ത് നിവേദനം നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.