കൂടങ്കുളം പവര്‍ ഹൈവേ: ആക്ഷന്‍ കൗണ്‍സിലുമായി 19ന് മന്ത്രി ചര്‍ച്ച നടത്തും

കോട്ടയം: കൂടങ്കുളം പവര്‍ ഹൈവേ നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ ഉയര്‍ത്തുന്ന പ്രതിഷേധത്തിന് പരിഹാരം കാണാനായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തീരുമാനം. തിരുവനന്തപുരത്ത് 19ന് രാവിലെ 11.30ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ നേതൃത്വത്തിലാണ് നാട്ടുകാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച. ആക്ഷന്‍ കൗണ്‍സിലില്‍ ഭാരവാഹികള്‍ക്ക് പുറമെ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ എം.എല്‍.എമാരും പങ്കെടുക്കും. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ നടന്ന ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം. അതുവരെ ഇതുമായി ബന്ധപ്പെട്ടുള്ള സര്‍വേയടക്കം മുഴുവന്‍ നടപടിയും നിര്‍ത്തിവെക്കാന്‍ യോഗം തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് തയാറാക്കിയ പാക്കേജുമായി മുന്നോട്ടുപോകാനാണ് യോഗത്തിലുണ്ടായ ധാരണ. ഇതിലെ ആക്ഷേപങ്ങള്‍ കേള്‍ക്കാനും മാറ്റങ്ങള്‍ വരുത്താനും ലക്ഷ്യമിട്ടാണ് ചര്‍ച്ച നടത്തുന്നത്. ലൈനിന്‍െറ അലൈന്‍മെന്‍റ് മാറ്റുന്നത് പ്രായോഗികമല്ളെന്നും യോഗം വിലയിരുത്തി. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ലൈനിന്‍െറ നിര്‍മാണച്ചുമതലയുള്ള പവര്‍ഗ്രിഡ് ഉദ്യോഗസ്ഥര്‍ കൃത്യമായ വിശദീകരണം നല്‍കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തുക അടക്കമുള്ള കാര്യങ്ങളില്‍ കലക്ടര്‍മാര്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയുമെന്നതിനാല്‍ മികച്ചവില ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി ചൂണ്ടിക്കാട്ടി. അതത് കലക്ടര്‍മാര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയശേഷമാകും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. അതിനാല്‍ വില സംബന്ധിച്ച് ആശങ്കക്ക് അടിസ്ഥാനമില്ളെന്നും മന്ത്രി വ്യക്തമാക്കി. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പൊതുമരാമത്ത് നിശ്ചയിക്കുന്ന നഷ്ടപരിഹാരമെന്ന പാക്കേജിലെ നിര്‍ദേശം പ്രായോഗികമല്ളെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. ലൈന്‍ കടന്നുപോകുന്ന പുനലൂര്‍, കോന്നി, ആറന്മുള, റാന്നി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം, തൃക്കാക്കര എം.എല്‍.എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. പുതിയ സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലിന്‍െറ യോഗം ശനിയാഴ്ച വിളിച്ചിട്ടുണ്ട്. കൂടങ്കുളത്തുനിന്നുള്ള വൈദ്യുതി കൊച്ചിയിലെ പള്ളിക്കരയിലേക്ക് എത്തിക്കാനാണ് പവര്‍ ഹൈവേ സ്ഥാപിക്കുന്നത്. ഇതില്‍ ഇടമണ്‍വരെ ലൈനുകള്‍ വലിച്ചു. ഇടമണ്‍ മുതല്‍ കൊച്ചിവരെയാണ് ഇനി പണി അവശേഷിക്കുന്നത്. ഇതിന്‍െറ ജോലികള്‍ ആരംഭിച്ചെങ്കിലും ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ കര്‍ഷകര്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സിലെന്ന പേരില്‍ സമരം ആരംഭിച്ചതോടെ ജോലികള്‍ മുടങ്ങുകയായിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ കര്‍ഷകരാണ് സമരത്തില്‍. പലതവണ സമരസമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് 1020 കോടിയുടെ നഷ്ടപരിഹാര പാക്കേജും തയാറാക്കിയിരുന്നു. പത്തനാപുരം, കോന്നി, റാന്നി, കുളത്തൂര്‍മൂഴി, പത്തനാട്, കങ്ങഴ, കൂരോപ്പട, കിടങ്ങൂര്‍, പിറവം വഴി കൊച്ചിയില്‍ എത്തുന്നതാണ് നിര്‍ദിഷ്ടപാത. കൂടങ്കുളം പദ്ധതിയില്‍നിന്ന് കേരളത്തിന് 133 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.