കോട്ടയം: നാഗമ്പടത്തെ പുതിയ റെയില്‍വേ മേല്‍പാലം നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കാനാകും. ഏപ്രില്‍, മേയ് മാസത്തോടെ അപ്രോച്ച് റോഡിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനായേക്കും. എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ ഒഴിവാക്കാന്‍ റെയില്‍വേ ട്രാക്കിന് മുകളിലൂടെ നിര്‍മിക്കുന്ന നാഗമ്പടത്തെ പുതിയ റെയില്‍വേ മേല്‍പാലത്തിന്‍െറ നിര്‍മാണപുരോഗതി ജോസ് കെ. മാണി എം.പി വിലയിരുത്തി. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും എം.പി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 40 വര്‍ഷത്തിലേറെ പഴക്കമുള്ള നാഗമ്പടത്തെ മേല്‍പാലത്തിന് മതിയായ വീതിയില്ലാത്തത് നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമായിരുന്നു. നിലവിലുള്ള മേല്‍പ്പാലം വളരെ ഇടുങ്ങിയതായതിനാല്‍ രണ്ടു വാഹനങ്ങള്‍ ഒരേസമയം കടന്നുപോകുമ്പോള്‍ കാല്‍നടക്കാര്‍ക്കുപോലും മേല്‍പാലത്തിലൂടെയുള്ള യാത്ര അസാധ്യമാണ്. ഗതാഗതക്കുരുക്കൊഴിവാക്കാന്‍ വീതി കൂടിയ പുതിയ പാലം നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയവും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും വിവിധതലത്തില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് പുതിയ മേല്‍പാലം നിര്‍മാണത്തിന് അനുമതി ലഭിച്ചത്. 27.52 കോടിയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ആറു മീറ്റര്‍ വീതി മാത്രമുണ്ടായിരുന്ന റെയില്‍വേ മേല്‍പാലത്തിന് പകരം 13 മീറ്റര്‍ വീതിയുള്ള പുതിയ മേല്‍പാലമാണ് നാഗമ്പടത്ത് ഉയരുന്നത്. ഇതില്‍ 1.50 മീറ്റര്‍ വീതിയില്‍ രണ്ടു വശത്തും നടപ്പാതയും ഉണ്ടാകും. ഒരേസമയം രണ്ടു ഭാരവാഹനങ്ങള്‍ക്കും രണ്ടു ചെറുവാഹനങ്ങള്‍ക്കും കടന്നു പോകത്തക്ക രീതിയിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. കൂടാതെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പ്ളാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് വടക്ക് ഭാഗത്തായി നിര്‍മാണം ആരംഭിച്ച രണ്ടാം നടപ്പാലം ഉടന്‍ പൂര്‍ത്തിയാക്കും. ഏകദേശം 78 ലക്ഷം രൂപയാണ് നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രണ്ടും മൂന്നും പ്ളാറ്റ് ഫോമുകളില്‍നിന്നും ഒന്നിലേക്കും ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍നിന്നും രണ്ടും മൂന്നും പ്ളാറ്റ്ഫോമിലേക്ക് കടക്കുന്നവര്‍ക്ക് വളരെ ഗുണകരമാകും. നിലവില്‍ നൂറുകണക്കിന് ആളുകള്‍ ട്രാക്കുകള്‍ മുറിച്ചുകടന്നാണ് പ്ളാറ്റ് ഫോമുകളിലേക്ക് കടക്കുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന, ദക്ഷിണ റെയില്‍വേ ചീഫ് എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍) എസ്. പത്മനാഭന്‍, കോട്ടയം അസി. എക്സി. എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍) ജോര്‍ജ് കുരുവിള, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എസ്. ഗോപകുമാര്‍, സാബു പുളിമൂട്ടില്‍, ജോജി കുറുത്തിയാടന്‍ തുടങ്ങിയവര്‍ എം.പിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.