ജില്ലാ സബ്ജഡ്ജ് ശ്രീനിപുരം കോളനി സന്ദര്‍ശിച്ചു

എരുമേലി: ജില്ലയിലെ ഏറ്റവും വലിയ കോളനി പ്രദേശമായ എരുമേലി പഞ്ചായത്തിലെ ശ്രീനിപുരം കോളനി ജില്ലാ സബ്ജഡ്ജ് സി. സുരേഷ്കുമാറും സംഘവും സന്ദര്‍ശിച്ചു. പട്ടികജാതി-വര്‍ഗത്തില്‍പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചോദിച്ച് അറിഞ്ഞു. ഇപ്പോഴും സ്വന്തമായി വീടില്ലാത്ത പത്തോളം കുടുംബങ്ങളെ കണ്ടത്തെി. നിരവധി അടിസ്ഥാന വികസന പ്രശ്നങ്ങളും പങ്കുവെച്ചു. പൊതുശ്മശാനം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വര്‍ഷങ്ങളായി നടപടി സ്വീകരിച്ചില്ല. രണ്ടു സെന്‍ററില്‍ താമസിക്കുന്ന കോളനിവാസികളിലെ കുടുംബാംഗങ്ങള്‍ മരണപ്പെട്ടാല്‍ വനംവകുപ്പിന്‍െറ അനുമതി നേടി വനത്തിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്. പലപ്പോഴും വനവകുപ്പ് അധികൃതര്‍ അനുമതി നല്‍കാറില്ല. എല്ലാ വീടുകള്‍ക്കും സാനിട്ടേഷന്‍ സൗകര്യം ഇല്ലാത്തത് ഗുരുതരആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി സംഘം കണ്ടത്തെി. വൈദ്യുതിയില്ലാത്ത കോളനിയില്‍ കുടിവെള്ള പദ്ധതികള്‍ നിരവധി ശ്രീനിപുരത്തിനായി നടപ്പാക്കിയെങ്കിലും എല്ലാം പാതിവഴിയില്‍ മുടങ്ങിയെന്നും പരാതിപ്പെട്ടു. കോടിക്കണക്കിന് രൂപയാണ് ശ്രീനിപുരത്തിനായി സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍, ഒരു പദ്ധതിയും ഫലത്തില്‍ എത്തിയിട്ടില്ല. നാട്ടുകാരില്‍ നിന്ന് ലഭിച്ച പരാതികളും അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട വികസന പദ്ധതികളും അതതു വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുമെന്നും നിശ്ചിത സമയത്തിന് ശേഷം ഈ കാര്യങ്ങളില്‍ നടപ്പാക്കിയിട്ടുണ്ടോ എന്ന പരിശോധന ലീഗല്‍ സര്‍വിസ് കമ്മിറ്റി നടത്തുമെന്നും ജില്ലാ സബ്ജഡ്ജ് സി. സുരേഷ്കുമാര്‍ പറഞ്ഞു. എസ്.ടി ജില്ലാ ഓഫിസര്‍ ബിജുകുമാര്‍, എസ്.സി ജില്ലാ ഓഫിസര്‍ ശാന്താമണി, വാര്‍ഡ് അംഗം രാജിമോള്‍, കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.എം.കെ. അനന്തന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.