‘ആരോഗ്യപ്പച്ച’ ഒരുക്കി ബസേലിയോസ് കാമ്പസ്

കോട്ടയം: ബസേലിയോസ് കോളജ് കാമ്പസില്‍ ഫെബ്രുവരി രണ്ടുമുതല്‍ 27വരെ ‘ആരോഗ്യപ്പച്ച’ എന്ന മാലിന്യനിര്‍മാര്‍ജന-ബോധവത്കരണം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി.കെ. ജീവന്‍ പുരസ്കാര വിതരണത്തോടനുബന്ധിച്ച് വെള്ളൂര്‍ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സിന്‍െറ സാങ്കേതിക ഉപദേശത്തോടെ സി.കെ. ജീവന്‍ സ്മാരക ട്രസ്റ്റ്, ജില്ലാഭരണകൂടം, ജില്ലാ ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. മാലിന്യബോധവത്കരണ സെമിനാറുകള്‍, മാജിക് ഷോ, നഗരമാലിന്യകാഴ്ചയുടെ ഫോട്ടോഗ്രഫി മത്സരം, പരിസ്ഥിതി കവിതകള്‍ തീര്‍ക്കുന്ന കാവ്യസംഗീതിക, മാലിന്യസംസ്കരണ മോഡലുകളുടെ പ്രദര്‍ശനം തുടങ്ങി ഒരുമാസം പരിപാടികള്‍ നീളും. കാമ്പസിന്‍െറ ഹരിത ഓഡിറ്റ്, ഹരിതവത്കരണം, ഹരിതസേനാ രൂപവത്കരണം, പാഴായ പ്ളാസ്റ്റിക് പേനകളുടെയും സി.എഫ്.എല്‍ ബള്‍ബുകളുടെയും നിര്‍മാര്‍ജനം, ഊര്‍ജ ഉപഭോഗ-മാലിന്യസംസ്കരണ സംവിധാനങ്ങളുടെ നവീകരണം, ശുചിത്വസാക്ഷരത എന്നിവക്ക് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്‍െറ സഹകരണത്തോടെ പരിപാടി പൂര്‍ത്തിയാക്കും. ഇതിനായി ചോദ്യാവലിയിലൂടെ വിവരങ്ങള്‍ ശേഖരിച്ച് കോളജിലെ ഏറ്റവും പരിസ്ഥിതി ബന്ധുവായ വീടും കണ്ടത്തെും. പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് രാവിലെ 11.15ന് കോളജിലെ ഡോ. എ.പി. മാണി മീഡിയ സെന്‍ററില്‍ മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ യു.വി. ജോസ് അധ്യക്ഷത വഹിക്കും. കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ മുഖ്യപ്രഭാഷണം നടത്തും. മാലിന്യസംസ്കരണ- ബോധവത്കരണ പ്രഭാഷണപരമ്പര ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് രണ്ടിന് സംസ്ഥാന ശുചിത്വ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.കെ. വാസുകി ഉദ്ഘാടനം ചെയ്യും. 19ന് ഉച്ചക്ക് രണ്ടിന് കോളജ് ഓഡിറ്റോറിയത്തില്‍ ‘മാലിന്യവും അവ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളും’ വിഷയമാക്കി മജീഷ്യന്‍ നാഥ് മാജിക് ഷോ നടത്തും. ഫ്രെബുവരി 22, 23, 24 തീയതികളില്‍ വീടുകളിലും കമ്യൂണിറ്റി തലത്തിലും ഉപയോഗിക്കാവുന്ന വികേന്ദ്രീകൃത മാലിന്യ സംസ്കരണ മോഡലുകളുടെ പ്രദര്‍ശനവും വില്‍പനയും. 24ന് ഉച്ചക്ക് രണ്ടിന് ഏഴ് പരിസ്ഥിതി കവിതകള്‍ ചേര്‍ന്നൊരുക്കുന്ന ‘സപ്തഹരിതഗീതികള്‍’ കാവ്യസംഗീതിക. 27ന് വൈകീട്ട് മൂന്നിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സി.കെ. ജീവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. അലക്സാണ്ടര്‍ വി. ജോര്‍ജ്, എക്കണോമിക്സ് വിഭാഗം പ്രഫ. എം.ജെ. ഷാജു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പ്രഫ. തോമസ് കുരുവിള, ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ പി.എസ്. ഷിനോ, സി.കെ. ജീവന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍, സെക്രട്ടറി കുര്യന്‍ തോമസ് കരിമ്പനത്തറയില്‍, ട്രഷറര്‍ ഫിലിപ്പ് ചാക്കോ വിരുത്തിക്കുളങ്ങര എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.