കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കയറി ഡ്രൈവറെ മര്‍ദിച്ചു

ഈരാറ്റുപേട്ട: സൈഡ് നല്‍കിയില്ളെന്നാരോപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ ഡിപ്പോയില്‍ കയറി കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചു. മര്‍ദനമേറ്റ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ തലനാട് സ്വദേശി ഇ.കെ. ഹനീഫകുട്ടിയെ (34) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയിലാണ് സംഭവം ആക്രമികളുടെ ഗുണ്ടാവിളയാട്ടത്തില്‍ ബസിന് കേടുപാട് സംഭവിച്ചതായും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അറിയിച്ചു. തിരുവനന്തപുരം- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറായിരുന്നു ഹനീഫ. ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വിസ് നടത്തുന്ന എ.വി.എം എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ഡ്രൈവറെ അക്രമിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നു. കാഞ്ഞിരപ്പള്ളി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസിന് സൈഡ് നല്‍കാതെയായിരുന്നു സ്വകാര്യബസിന്‍െറ യാത്ര. ഏകദേശം 12 കിലോമീറ്റര്‍ ഈ അവസ്ഥയില്‍ സ്വകാര്യ ബസിന്‍െറ പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി സഞ്ചരിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് കയറിപ്പോകാതെ സ്റ്റോപ്പുകളില്‍ വിലങ്ങനെയിട്ടായിരുന്നു സ്വകാര്യ ബസ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തതെന്ന് ജീവനക്കാര്‍ പറഞ്ഞു. തിടനാട് ജങ്ഷനില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ലഭിച്ച സൈഡില്‍കൂടി കെ.എസ്.ആര്‍.ടി.സി ബസ് മുന്നില്‍കയറി പോകുകയായിരുന്നു. ഇതില്‍ ക്ഷുഭിതരായ സ്വകാര്യ ബസിലെ ജീവനക്കാര്‍ ഈരാറ്റുപേട്ട ഡിപ്പോയില്‍ കയറി കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് ഡ്രൈവറെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡ്രൈവറുടെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.