കോട്ടയം: നഗരസഭയിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ആവശ്യമായ ടാര്‍ കിട്ടാത്തതിനാല്‍ നിര്‍മാണവും വാര്‍ഡുകളില്‍ അനുവദിച്ച ട്യൂബ്ലൈറ്റ് ലഭിക്കാത്തതിനാല്‍ വഴിവിളക്ക് തെളിയിക്കുന്നതും മുടങ്ങിയിരിക്കുകയാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ പരാതി. 2015-16 സാമ്പത്തികവര്‍ഷത്തെ പദ്ധതികള്‍ ഭേദഗതിവരുത്തുന്നതിന് ചൊവ്വാഴ്ച വൈകീട്ട് കോട്ടയം കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് പരാതി ഉയര്‍ന്നത്. ഭരണസമിതി ആസൂത്രണം ചെയ്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയുള്ള 35ദിവസം മതിയാകില്ളെന്ന മുഖവുരയോടെയാണ് കൗണ്‍സിലര്‍മാര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ടെന്‍ഡര്‍ ചെയ്ത പല പദ്ധതികളും എന്‍ജിനീയര്‍ വിഭാഗം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനാഥസ്ഥമൂലം മുടങ്ങിക്കിടക്കുകയാണെന്ന് മുന്‍ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍ ആരോപിച്ചു. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചു. റോഡ് നവീകരണത്തിന് ആവശ്യമായ ടാറുകള്‍ കിട്ടാത്തതാണ് ജോലി തടസ്സപ്പെടാന്‍ കാരണമെന്ന് ഉദ്യോസ്ഥന്‍െറ വിശദീകരണം നേരിയ ബഹളത്തിന് ഇടയാക്കി. ചില സാങ്കേതിക തടസ്സം നേരിട്ടതിനാലാണ് ടാറിനുവേണ്ടി പണമടയ്ക്കാന്‍ വൈകിയതെന്നും ആവശ്യമായ ടാര്‍ ലഭ്യമാക്കുന്നതിന് പണം അടച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഗോപകുമാര്‍ അറിയിച്ചു. നാഗമ്പടത്ത് 14 ലക്ഷം മുടക്കി ടൈല്‍പാകുന്നതിനും വിവിധ കോണ്‍ക്രീറ്റ് റോഡുകളുടെ ജോലിക്കും ടാര്‍ ആവശ്യമില്ളെന്നിരിക്കെ അനാവശ്യ തടസ്സങ്ങള്‍ പറഞ്ഞ് കരാറുകാര്‍ക്കുവേണ്ടി ജോലി നീട്ടിക്കൊണ്ടുപോവുകയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. 52 വാര്‍ഡുകളിലായി 22 കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ മാത്രമാണ് നടക്കുന്നത്. കരാര്‍ ഏറ്റെടുത്ത പദ്ധതികളില്‍ 40 ശതമാനംപോലും ജോലി പൂര്‍ത്തിയായിട്ടില്ല. നിര്‍മാണത്തിന് ആവശ്യമായ മെറ്റല്‍ ഇനിയും ഇറക്കിയിട്ടില്ല. നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്ന് വേണ്ടത്ര സമ്മര്‍ദമില്ലാത്തതാണ് അലംഭാവത്തിന് കാരണമെന്നും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. അംഗങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും നിര്‍മാണജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കരാറുകാരുടെ യോഗംവിളിച്ച് വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് നഗരസഭാധ്യക്ഷ ഡോ.പി.ആര്‍. സോന അറിയിച്ചു. വിവിധപദ്ധതികള്‍ നടപ്പാക്കാന്‍ 28.52 കോടിയാണ് നഗരസഭക്ക് നീക്കിയിരിപ്പുള്ളത്. ഉല്‍പാദനം, പശ്ചാത്തലം തുടങ്ങിയ മേഖലയില്‍ ആസൂത്രണം ചെയ്തിട്ടും നടപ്പാക്കാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ഭേദഗതികളോടെ അവതരിപ്പിക്കാനും തീരുമാനിച്ചു. നഗരസഭാപരിധിയിലെ റോഡുകളുടെ ദൂരം കണക്കാക്കി മൈല്‍കുറ്റികള്‍ സ്ഥാപിക്കും. വഴിവിളക്കുകള്‍ തെളിയിക്കുന്നതിന് 61 ട്യൂബ്ലൈറ്റുകള്‍ വീതം ഓരോവാര്‍ഡിലും നല്‍കും. പട്ടികജാതിക്ഷേമത്തിന് വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഒന്ന് മുതല്‍ പത്താംക്ളാസ് വരെയുള്ളവര്‍ക്കും പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കും ധനസഹായം, ലാപ്ടോപ്പ് എന്നിവയും പട്ടികജാതി കുടുംബങ്ങള്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകളും വിതരണം ചെയ്യും. വൈസ് ചെയര്‍മാന്‍ ജാന്‍സി ജേക്കബ്, കൗണ്‍സിലര്‍മാരായ സി.എന്‍. സത്യനേശന്‍, അഡ്വ. ഷീജാ അനില്‍, എം.പി. സന്തോഷ്കുമാര്‍, കെ.കെ. പ്രസാദ്, കെ. ശങ്കരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.