ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ ഒരേ സ്ഥലത്ത് രണ്ട് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പാലത്തിന്‍െറ കൈവരി ഇടിച്ചുതകര്‍ത്ത് കണ്ടെയ്നര്‍ കനാലിലേക്ക് മറിഞ്ഞു. അപകടം കാണാന്‍ കുടുംബം സഞ്ചരിച്ച കാര്‍ ഡ്രൈവര്‍ റോഡരികില്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ കാര്‍ പിന്നോട്ടുരുണ്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടസമയത്ത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ കാറിലുണ്ടായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. കനാലിലേക്ക് മറിഞ്ഞ കണ്ടെയ്നര്‍ ലോറി ഡ്രൈവറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴയില്‍നിന്ന് തിരുവല്ലയിലേക്ക് ടൈലുമായി പോയ കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു അപകടം. പാലത്തിന്‍െറ കൈവരിയിലിടിച്ച് പ്രധാന പാലത്തിനും പിള്ളപ്പാലത്തിനും ഇടയിലൂടെ കണ്ടെയ്നര്‍ കനാലിലേക്ക് പതിച്ചു. പാലത്തിന്‍െറ കൈവരിയില്‍ ഇടിച്ചയുടന്‍ ഡ്രൈവര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ ലോറി ഡ്രൈവര്‍ ചിറ്റാര്‍ മേലുകാവ് ഐക്കരവീട്ടില്‍ അഖില്‍ പി. ഉത്തമനെ (28) ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. രാവിലെ 10ന് അതുവഴി എത്തിയ പെരുന്ന പനച്ചിക്കാവ് മുട്ടത്ത് വീട്ടില്‍ ബിനീഷും കുടുംബവും സഞ്ചരിച്ച കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കാര്‍ നിര്‍ത്തി ഡ്രൈവര്‍ പുറത്തേക്കിറങ്ങിയപ്പോളാണ് കാര്‍ താഴ്ചയിലുള്ള ഉപറോഡിലേക്ക് പതിച്ചത്. ഓടിക്കൂട്ടിയ നാട്ടുകാര്‍ കാറിലുള്ളവരെ പുറത്തെടുത്തു. കൈക്ക് നിസ്സാര പരിക്കേറ്റ ബിനീഷിന്‍െറ ഭാര്യ ഗീതുവിനെ (22) പെരുന്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.