കോട്ടയം: മാധ്യമങ്ങളുടെ കോര്‍പറേറ്റ്വത്കരണം ജനാധിപത്യമൂല്യ സംഹിതകളെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഓള്‍ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ആഭിമുഖ്യത്തില്‍ ‘കോര്‍പറേറ്റുകള്‍ മാധ്യമങ്ങളെ വിഴുങ്ങുമ്പോള്‍ ജനാധിപത്യവും ബഹുസ്വരതയും നേരിടുന്ന വെല്ലുവിളികള്‍’ വിഷയത്തില്‍ കോട്ടയം സി.എം.എസ് കോളജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യമാണ് ബഹുരാഷ്ട്ര മാധ്യമ കുത്തകകള്‍ സംരക്ഷിക്കുന്നത്. അതത് രാജ്യങ്ങളിലെ രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെപ്പോലും ഹൈജാക് ചെയ്യാന്‍ രാജ്യാന്തര മാധ്യമ കോര്‍പറേറ്റുകള്‍ പ്രാപ്തരാണ്. മാധ്യമ കുത്തകകള്‍ക്ക് ജനാധിപത്യ മൂല്യങ്ങളോ ധാര്‍മികതയോ സാമൂഹിക ജീവിതമാറ്റങ്ങളോ ഒന്നും പ്രശ്നമല്ല. ലാഭത്തിനുവേണ്ടി ഏത് വക്രമാര്‍ഗവും സ്വീകരിക്കും. ഇത് കേരളത്തിലെ മാധ്യമങ്ങളെപ്പോലും ഒളിഞ്ഞും തെളിഞ്ഞും ബാധിക്കുന്നുണ്ട്. ഭരണകൂടത്തെ വിമര്‍ശിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും ഓരോപൗരനും അവകാശമുണ്ട്. അത് രേഖപ്പെടുത്താനുള്ള വേദിയാണ് മാധ്യമങ്ങള്‍ പ്രദാനം ചെയ്യുന്നത്. അതിനാലാണ് മാധ്യമങ്ങളെ ജനാധിപത്യത്തിന്‍െറ നാലാംതൂണെന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളീകരണം അരങ്ങുതകര്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്‍െറ സ്വഭാവത്തിലും രീതിയിലും പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട്. മാധ്യമസംവിധാനം മുതലാളിത്വ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വേദിയായി മാറിയിരിക്കുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട 40 പത്രങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും കുത്തകകളുടെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മുഖ്യധാര മാധ്യമങ്ങളും അവരുടെ കൈയിലാണ്. മാധ്യമസംവിധാനത്തിന്‍െറ ഉടമസ്ഥതയില്‍ വന്ന മാറ്റം മാധ്യമപ്രവര്‍ത്തനത്തിന്‍െറ രീതിയെ മാറ്റിമറിച്ചു. ആദ്യകാലങ്ങളില്‍ പൊതുപ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ഉപാധിയായിരുന്നു പത്രപ്രവര്‍ത്തനം. പുതിയകാലത്തെ മാധ്യമപ്രവര്‍ത്തനം സങ്കല്‍പങ്ങളെല്ലാം മാറ്റിമറിച്ചു. കോര്‍പറ്റേറ്റ്വത്കരണത്തിന്‍െറ ആഘോഷങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്ക് സ്വയം മുഖം നഷ്ടമായി. സാമൂഹിക ജീവിതത്തിലെ പ്രയോഗികളെ കണ്ടത്തൊനും പുതുക്കിപ്പണിയാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. പെയ്ഡ് ന്യൂസിന്‍െറ പേരില്‍ പണമോ ഓഹരിയോ നല്‍കി വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വാര്‍ത്തകളുടെ വസ്തുനിഷ്ഠത ചോര്‍ന്നുപോകുന്നു. പണം നല്‍കാത്തവരെ മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.കെ.ബി.ഇ.എഫ് ഓര്‍ഗനൈസിങ് സെക്രട്ടറി അനിയന്‍ മാത്യു അധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി അംഗം ചെറുകര സണ്ണി ലൂക്കോസ് വിഷയം അവതരിപ്പിച്ചു. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍, എ.കെ.ബി.ഇ.എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ജോര്‍ജി ഫിലിപ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.