കാഞ്ഞിരപ്പള്ളി: വേനല്‍ കനത്തതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ തുടങ്ങിയ പല കുടിവെള്ള പദ്ധതികളും കാര്യക്ഷമമല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. കാഞ്ഞിരപ്പള്ളി ടൗണിന് സമീപത്തുള്ള കൊടുവന്താനം, നാച്ചികോളനി, കല്ലുങ്കല്‍ കോളനി, പാറക്കടവ്, പത്തേക്കര്‍, ഇല്ലത്തുപറമ്പില്‍പടി, പൂതക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. എട്ടു മുതല്‍ 11വരെ വാര്‍ഡുകളില്‍പ്പെടുന്ന ഈ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ ഒരുകോടി രൂപ മുടക്കി നടപ്പാക്കിയ വട്ടകപ്പാറ കുടിവെള്ള പദ്ധതി കാര്യക്ഷമമല്ളെന്നും പരാതിയുണ്ട്. ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ വട്ടകപ്പാറ ജലവിതരണ പദ്ധതി വിഭജിച്ച് പൂതക്കുഴി ആനക്കയം ജലവിതരണ പദ്ധതിയും പേട്ട ജലവിതരണ പദ്ധതിയും ആരംഭിച്ചെങ്കിലും വട്ടകപ്പാറ പദ്ധതി കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചിട്ടും അതിനനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നതാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണം. ഗുണമേന്മയില്ലാത്ത പൈപ്പുകള്‍ പലയിടങ്ങളിലും പൊട്ടിയൊലിക്കുകയാണ്. പണം അടയ്ക്കാത്തതിനാല്‍ പദ്ധതിയുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. കഴിഞ്ഞദിവസം ഉപഭോക്താക്കളില്‍നിന്ന് പണം പിരിച്ചെടുത്ത് ബില്‍ അടച്ചതിനാല്‍ വൈദ്യുതി കണക്ഷന്‍ പുന$സ്ഥാപിച്ചു. വട്ടകപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സായ കപ്പപറമ്പ്, വാഴേപറമ്പ് എന്നിവിടങ്ങളിലെ കുളങ്ങള്‍ വറ്റിത്തുടങ്ങിയതോടെ ജലവിതരണവും ഭാഗികമായിക്കഴിഞ്ഞു. മണങ്ങല്ലൂര്‍ മേഖലയിലും കനത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. 12 വര്‍ഷം മുമ്പ് 30 ലക്ഷത്തോളം രൂപ മുടക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 14, 15 വാര്‍ഡുകളില്‍ കുടിവെള്ളമത്തെിക്കാന്‍ നടപ്പാക്കിയ മണങ്ങല്ലൂര്‍-കൂവപ്പള്ളി കുടിവെള്ള പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. 2007ല്‍ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മണങ്ങല്ലൂര്‍-കൂവപ്പള്ളി ശുദ്ധജല പദ്ധതി. കിണര്‍ കുഴിച്ച് വാട്ടര്‍ടാങ്കും നിര്‍മിച്ച് വൈദ്യുതിലൈന്‍ വലിക്കുകയും ചെയ്തിരുന്നു. അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ഹൗസ് കണക്ഷന്‍ നല്‍കാന്‍ ഉപഭോക്തൃവിഹിതവും നല്‍കിയാണ് പദ്ധതി തയാറായത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാകാതെ വന്നതോടെ ലോകായുക്ത ഡിവിഷന്‍ ബെഞ്ചില്‍ ഹരജിയും നല്‍കി. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ളെന്ന ത്രിതല പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ ഓരോ പഞ്ചായത്ത് സെക്രട്ടറിമാരും കോടതിയെ അറിയിക്കുകയും ചെയ്തു. വാട്ടര്‍ അതോറിറ്റി ഈ പദ്ധതി ഏറ്റെടുക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും കിണറും ടാങ്കും ഉപയോഗയോഗ്യമല്ലാതായെന്നും പഞ്ചായത്തുകള്‍ വേണ്ടത്ര പഠനം നടത്താതെയാണ് തുക ചെലവഴിച്ചതെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ ലോകായുക്തക്ക് റിപ്പോര്‍ട്ട് നല്‍കി. കൂടാതെ പദ്ധതി ഏറ്റെടുത്ത് നടത്തണമെങ്കില്‍ മൂന്നുകോടിയിലധികം രൂപ ചെലവഴിക്കണമെന്നും ഇക്കാരണത്താല്‍ നിര്‍ദേശം പുന$പരിശോധിക്കണമെന്നും വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുകയും ചെയ്തു. ആലംപരപ്പ്, വേട്ടോംകുന്ന്, പനച്ചേപ്പാറ, മണങ്ങല്ലൂര്‍, നെടുമല, കുടപ്പനക്കുഴി, കൂവപ്പള്ളി കോളനി, നാലാംമൈല്‍, കുളമാംകുഴി എന്നിവിടങ്ങളില്‍ കുടിവെള്ളമത്തെിക്കാനാണ് മണങ്ങല്ലൂര്‍ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.