ബോട്ട് എത്തുന്നതും കാത്ത് കോടിമത

കോട്ടയം: കാഞ്ഞിരം പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ടും കോട്ടയം നഗരത്തിലേക്കുള്ള ബോട്ട് സര്‍വിസ് പുനരാരംഭിക്കാനായില്ല. കാഞ്ഞിരം പാലം നിര്‍മാണത്തിനായി 2012ല്‍ കൊടൂരാറ്റില്‍ കൂറ്റന്‍ ജങ്കാര്‍ സ്ഥാപിച്ചതോടെയാണ് കാഞ്ഞിരത്തുനിന്ന് കോടിമതയിലേക്കുള്ള ജലഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടത്. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലേക്ക് ബോട്ട് സര്‍വിസ് പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, പാലത്തിന്‍െറ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും സര്‍വിസ് ആരംഭിക്കാനായില്ല. നിലവില്‍ കാഞ്ഞിരം ജെട്ടിവരെയാണ് ബോട്ട് സര്‍വിസുള്ളത്. ബോട്ടിനെ ആശ്രയിക്കുന്നവര്‍ ഇപ്പോള്‍ ബസില്‍ കാഞ്ഞിരത്ത് എത്തിയാണ് പോകുന്നത്. ഇതിനെതുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായിരുന്നു. ജലഗതാഗതവകുപ്പിന്‍െറ വരുമാനത്തിലും ഇത് പ്രതിഫലിച്ചു. പ്രതിദിനവരുമാനത്തില്‍ 5000 രൂപയുടെ കുറവാണ് കഴിഞ്ഞ നാലു വര്‍ഷമായി ഉണ്ടായത്. മുമ്പ് സീസണ്‍ സമയത്ത് പ്രതിദിന വരുമാനം 12,000 രൂപവരെ ഈ ബോട്ടുകളില്‍നിന്ന് ലഭിച്ചിരുന്നതാണ്. ഇപ്പോള്‍ 7000 രൂപയാണ് വരുമാനം. കോടിമതയില്‍നിന്ന് ആലപ്പുഴവരെ 18 രൂപയാണ് ബോട്ട് ചാര്‍ജ്. കാഞ്ഞിരംവരെ ബോട്ട് പരിമിതപ്പെടുത്തിയതോടെ ചാര്‍ജ് മൂന്നു രൂപ കുറഞ്ഞ് 15 രൂപയായി. ആലപ്പുഴയിലേക്ക് സര്‍വിസ് നടത്താന്‍ എ.സി ബോട്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ബോട്ടുകള്‍ കോടിമതവരെ എത്താത്തതു മൂലം ഇത് ആരംഭിക്കാനും സാധിച്ചിട്ടില്ല. അതേസമയം, കോടിമത-കാഞ്ഞിരം റൂട്ടിലെ ചില പാലങ്ങളാണ് സര്‍വിസിനു വിലങ്ങുതടിയെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിന്‍െറ അറ്റകുറ്റപ്പണി പൂര്‍ത്തിയായാല്‍ മാത്രമേ, ഗതാഗതം പുന$സ്ഥാപിക്കാന്‍ സാധിക്കൂ. ഇതിന് കുറഞ്ഞത് ഒരുമാസമെങ്കിലും കാത്തിരിക്കണമെന്ന് ഇവര്‍ പറയുന്നു. പാറോച്ചാല്‍ പാലം, പതിനാറില്‍ചിറ പാലം, പതിനഞ്ചില്‍കടവ് പാലം, ചുങ്കത്ത് മുപ്പത് പാലം എന്നിവയാണ് ജലഗതാഗതത്തിനു തടസ്സമായി നില്‍ക്കുന്നത്. ഇവ നാലും ഉയര്‍ത്തുന്ന പാലങ്ങളാണ്. ഇതില്‍ മൂന്നെണ്ണം നിര്‍മിച്ചിരിക്കുന്നത് തെങ്ങിന്‍ തടികൊണ്ടാണ്. ബോട്ട് സര്‍വിസില്ലാതായതോടെ ഇവ ദ്രവിച്ചു പോയി. നാലാമത്തെ പാലമായ ചുങ്കത്ത് മുപ്പതുപാലം ലക്ഷങ്ങള്‍ മുടക്കി ആധുനിക രീതിയിലായിരുന്നു നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ഉദ്ഘാടനത്തിനല്ലാതെ ഈ പാലം പിന്നീട് ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇവ അറ്റകുറ്റപ്പണി നടത്തി സുഗമമായി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ബോട്ടുകള്‍ ഓടിക്കാന്‍ കഴിയൂവെന്നതാണ് സ്ഥിതി. ഇതിനൊപ്പം ജലഗതാഗതം നിലച്ചതോടെ ആറ്റിലെ ബോട്ടുചാല്‍ എക്കല്‍മണ്ണ് നിറഞ്ഞനിലയിലാണ്. ഇത് നീക്കേണ്ടതുമുണ്ട്. ഇതിന്‍െറ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിന്‍െറ അറ്റകുറ്റപ്പണിക്കും കാഞ്ഞിരം മുതല്‍ കോടിമതവരെയുള്ള രണ്ടര കി.മീ. ബോട്ട് ചാലിലെ എക്കല്‍മണ്ണ് നീക്കാനുമായി സര്‍ക്കാര്‍ 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബോട്ടുചാലില്‍ അടിഞ്ഞ എക്കല്‍ മണ്ണ് യന്ത്രസഹായത്താല്‍ നീക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഫെബ്രുവരി ആദ്യവാരം ബോട്ടുകള്‍ കോടിമതയില്‍ എത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നഗരത്തിലേക്കുള്ള ബോട്ട് സര്‍വിസ് നിലച്ചത് വിനോദസഞ്ചാരമേഖലക്കും തിരിച്ചടിയായിരുന്നു. കോട്ടയം-ആലപ്പുഴ റൂട്ടിലാണ് ഇതുവഴിയുള്ള സര്‍വിസ്. ജലഗതാഗത വകുപ്പിന്‍െറ മൂന്നു ബോട്ടുകള്‍ 10 സര്‍വിസാണ് നടത്തുന്നത്. കോട്ടയത്തുനിന്ന് സര്‍വിസ് നടത്തുന്ന രണ്ടു ബോട്ടും ആലപ്പുഴയില്‍നിന്നുള്ള ഒരു ബോട്ടുമാണ് പുലര്‍ച്ചെ മുതല്‍ രാത്രിവരെ സര്‍വിസിനുള്ളത്. നേരത്തേ സജീവമായിരുന്ന കോടിമത ജെട്ടിയിലിപ്പോള്‍ ഡി.ടി.പി.സിയുടെ ബോട്ടുകള്‍ നിര്‍ത്തിയിടാറുണ്ടെന്നതൊഴിച്ചാല്‍ കാര്യമായ തിരക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.