ഫാ. ടോം ഉഴുന്നാലിയുടെ മോചനം നീളുന്നു; ദുരൂഹത ബാക്കി

പാലാ: യമനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സലേഷ്യന്‍ സഭ വൈദികന്‍ ഫാ. ടോം ഉഴുന്നാലിയുടെ മോചനശ്രമങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നു. എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരെ വധിച്ച് വൈദികനെ വൃദ്ധസദനത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ മോചനശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ നിശ്ചലമായ അവസ്ഥയിലാണ്. യമനിലെ ചില ചാനലുകളിലും സമൂഹമാധ്യമങ്ങളിലും അവശനായ നിലയിലുള്ള വൈദികന്‍െറ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരുന്നു. നാലു മാസങ്ങള്‍ക്ക് മുമ്പ് പാലക്കാട്ടെ ബന്ധുവീട്ടിലേക്ക് പുലര്‍ച്ചെ മൂന്നിന് ഫാ. ടോമിന്‍െറ ശബ്ദത്തില്‍ ഫോണ്‍ വിളിയത്തെിയെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ഫോണ്‍ കട്ട് ആകുകയായിരുന്നു. ഇദ്ദേഹം ജീവനോടെയുണ്ടെന്നുള്ള സൂചനകള്‍ ലഭിച്ചതോടെ ആശ്വാസത്തിലായിരുന്ന ബന്ധുക്കള്‍ മോചനശ്രമങ്ങള്‍ നിര്‍ജീവമായതോടെ കടുത്ത ആശങ്കയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമായിരിക്കുകയാണ്. ബന്ധുക്കളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കുമടക്കം നിരവധി പേര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഇടക്കാലത്ത് ഊര്‍ജിതമായിരുന്ന മോചനശ്രമങ്ങള്‍ പിന്നീട് നിഷ്ക്രിയമാകുകയായിരുന്നു. മോചനദ്രവ്യമായി ഭീകരര്‍ കോടികള്‍ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇതിനു സ്ഥിരീകരണമില്ല. മോചനം അനന്തമായി നീളുന്നത് അനുസരിച്ച് വൈദികന്‍െറ ജീവന്‍ അപകടത്തിലാകുമെന്ന ഭീതിയിലാണ് ബന്ധുക്കള്‍. ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനെയും കേന്ദ്രസര്‍ക്കാറിനെയും വീണ്ടും സമീപിക്കാനുള്ള തീരുമാനത്തിലാണ് അവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.