അയ്യപ്പഭക്തര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ ചൂഷണം –കുമ്മനം

എരുമേലി: അയ്യപ്പഭക്തര്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇളവുകള്‍ നല്‍കേണ്ടതിനുപകരം ചൂഷണം നടക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തീര്‍ഥാടനകാലത്ത് ശബരി സ്പെഷല്‍ സര്‍വിസ് ബസില്‍ എരുമേലി മുതല്‍ പമ്പ വരെ 115 രൂപയാണ് ഈടാക്കുന്നത്. സ്പെഷല്‍ സര്‍വിസിന് സ്പെഷല്‍ ചാര്‍ജ് വാങ്ങുമെന്ന വകുപ്പ് മന്ത്രിയുടെ നിഷേധാത്മക നിലപാട് സാമൂഹികനീതി നിഷേധമാണ്. ശബരിമലയിലേക്കുള്ള സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി കൈയടക്കി വെച്ചിരിക്കുകയാണെന്നും മിതമായ നിരക്കില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമാനത്താവളത്തിനായി സര്‍ക്കാര്‍ കണ്ടത്തെിയ സ്ഥലം എവിടെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം എരുമേലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യോമയാന വകുപ്പിനുവേണ്ടി പഠനം നടത്തുന്ന കമ്പനി ളാഹ, എരുമേലി, പെരുനാട്, കല്ളേലി തുടങ്ങിയ സ്ഥലങ്ങളില്‍ പഠനം നടത്തി കേരള സര്‍ക്കാറിന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ശബരിമല പ്രത്യേക പദ്ധതിക്കായി കേന്ദ്രം അനുവദിച്ച 8.76 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലത്തെിയിട്ടും അതിന് തത്തുല്യമായ തുക സര്‍ക്കാര്‍ വകയിരുത്താത്തതിനാല്‍ ഇത് എഴുതിത്തള്ളേണ്ട അവസ്ഥയുണ്ടാകും. എരുമേലിയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതിയുടെ അംഗീകാരം നേടി കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ എല്ലാ പിന്തുണയും നല്‍കാന്‍ ബി.ജെ.പി തയാറാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രിമാര്‍ക്കും വിശ്വാസികള്‍ക്കും ദേവസ്വം ബോര്‍ഡിനുമാണ് തീരുമാനമെടുക്കാനുള്ള അവകാശം. മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. തൃപ്തി ദേശായി ബലം ഉപയോഗിച്ച് ആചാരത്തിന് മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് വിശ്വാസികളില്‍ ഉത്കണ്ഠയും അമര്‍ഷവുമുണ്ടാക്കുമെന്നും കുമ്മനം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.