ജില്ല സ്കൂള്‍ കലോത്സവം ജനുവരി മൂന്നിന് കാഞ്ഞിരപ്പള്ളിയില്‍

കാഞ്ഞിരപ്പള്ളി: 29ാമത് റവന്യൂ ജില്ല സ്കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ ആറുവരെ കാഞ്ഞിരപ്പള്ളിയില്‍ നടക്കും. സെന്‍റ് ഡോമിനിക്സ് എച്ച്.എസ്.എസ് മുഖ്യ വേദിയാകും. സെന്‍റ് മേരീസ് എച്ച്.എസ്.എസ്, എ.കെ.ജെ.എം, പേട്ട ഗവ. എച്ച്.എസ്, മൈക്കാ എന്നീ സ്കൂളുകളിലായി 11വേദികളിലാണ് മത്സരം നടക്കുന്നത്. പ്രസംഗ-രചനാ മത്സരങ്ങളുടെ വേദികള്‍ കൂട്ടാതെയാണിത്. 13 ഉപജില്ലകളിലെ ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. 12 കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിലാണ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. സര്‍ക്കാറിന്‍െറ ഉത്തരവുള്ളതിനാല്‍ പ്ളാസ്റ്റിക്കിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് കലാമേള നടക്കുക. ആലോചനായോഗത്തില്‍ കോട്ടയം ഡി.ഡി.ഇ കെ. സുധ, ഡി.ഇ.ഒ പി.വി. പത്മജ, എ.ഇ.ഒ സി.എന്‍. തങ്കച്ചന്‍, വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്ത ആലോചനായോഗം 14ന് ഉച്ചകഴിഞ്ഞ് 2.20ന് സെന്‍റ് ഡോമിനിക്സ് സ്കൂളില്‍ നടക്കും. കലോത്സവത്തിനുള്ള ലോഗോ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ കീഴില്‍ കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാര്‍ഥികളില്‍നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ ഡിസംബര്‍ 13ന് മുമ്പ് കണ്‍വീനര്‍ പബ്ളിസിറ്റി കമ്മിറ്റി പി.എ. ഇബ്രാഹീംകുട്ടി. ഗവ.എച്ച്.എസ്.എസ് മുരിക്കുംവയല്‍ കരിനിലം പി.ഒ മുണ്ടക്കയം കോട്ടയം എന്ന വിലാസത്തില്‍ അയക്കണം. പ്രധാന കമ്മിറ്റികളില്‍ പ്രാതിനിധ്യം നല്‍കിയില്ളെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ എ.എച്ച്.എസ്.ടി.എ പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. മറ്റ് സംഘടനകള്‍ക്ക് അര്‍ഹമായ പ്രാധാന്യം സ്കൂള്‍ കലോത്സവത്തില്‍ നല്‍കിയപ്പോള്‍ വേണ്ടത്ര പ്രാധാന്യം ഇല്ലാത്ത കമ്മിറ്റികളാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും ഇവര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.