മൂന്നാംലിംഗക്കാര്‍ക്ക് പുനരധിവാസ പദ്ധതി വരുന്നു

കോട്ടയം: ലൈംഗിക ചൂഷണത്തിന് വിധേയരായവരുടെയും മൂന്നാംലിംഗ വിഭാഗക്കാരുടെയും പുനരധിവാസത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. ദേശീയ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ കോട്ടയം ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെപ്റ്റംബറില്‍ ജില്ലയില്‍ പദ്ധതിക്ക് തുടക്കംകുറിക്കും. ഇതിന്‍െറ ഭാഗമായി ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. ജില്ലയിലെ ലൈംഗിക തൊഴിലാളികളുള്‍പ്പെടെ ലൈംഗിക ചൂഷണത്തിന് വിധേയരായവരെയും മൂന്നാം ലിംഗവിഭാഗത്തില്‍പ്പെട്ടവരെയും പുനരധിവസിപ്പിച്ച് സമൂഹത്തിന്‍െറ ഭാഗമാക്കുകയാണ് ലക്ഷ്യം. ഇവര്‍ നേരിടുന്ന ആരോഗ്യ-സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ക്ക് പദ്ധതിയിലൂടെ പരിഹാരം കാണും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ജാഗ്രത സമിതികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഗുണഭോക്താക്കള്‍ക്കും മക്കളുണ്ടെങ്കില്‍ അവര്‍ക്കും സുരക്ഷിതമായി താമസിക്കാന്‍ സൗകര്യമൊരുക്കും. ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കുന്നതും പരിഗണിക്കും. അന്തേവാസികള്‍ക്ക് കൈത്തൊഴില്‍ പരിശീലനം നല്‍കി മാന്യമായ വരുമാനം ഉറപ്പാക്കും. ആരോഗ്യ പരിരക്ഷക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രത്യേക സേവനവും ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും നല്‍കും. സമൂഹത്തില്‍ ഒറ്റപ്പെട്ടവരാണെന്ന തോന്നലില്‍നിന്ന് മോചനം നല്‍കാനും ആത്മവിശ്വാസം വളര്‍ത്താനും കൗണ്‍സലിങ് നല്‍കാനുമുള്ള ക്രമീകരണങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ ജീവിത സാഹചര്യം മെച്ചപ്പടുത്താന്‍ ആഗ്രഹിക്കുന്ന ലൈംഗികത്തൊഴിലാളികളും ലൈംഗിക ചൂഷണത്തിന് വിധേയരായവരും മൂന്നാംലിംഗ വിഭാഗത്തില്‍പ്പെട്ടവരും കലക്ടറേറ്റില്‍ ജില്ലാ കോടതിയോടനുബന്ധിച്ച ലീഗല്‍ സര്‍വിസസ് അതോറിറ്റിയുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2302422. ജില്ലാ ജഡ്ജിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് ജഡ്ജ് എ. ഇജാസ്, പൊലീസ്, തൊഴില്‍, ആരോഗ്യ വകുപ്പ്, സാമൂഹിക സുരക്ഷാമിഷന്‍, ചൈല്‍ഡ് ലൈന്‍, വനിതാ പ്രൊട്ടക്ഷന്‍, ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.