അത്യാഹിത വിഭാഗത്തില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ജൂനിയര്‍ വിദ്യാര്‍ഥികള്‍ സീനിയര്‍ വിദ്യാര്‍ഥികളെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ രണ്ട് ജൂനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് എയ്ഡ് പോസ്റ്റിലെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അത്യാഹിത വിഭാഗം നിരീക്ഷണ മുറിയിലായിരുന്നു സംഘട്ടനം. സംഘട്ടനത്തെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും നിലവിളിച്ച് പുറത്തേക്ക് ഓടി. തിരുവനന്തപുരം മലക്കല്‍ പേഴവിള സുധാകരപിള്ളയുടെ മകനും മെഡിക്കല്‍ കോളജ് പാരാമെഡിക്കല്‍ ഡി.ആര്‍.ടി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ പ്രണവ്കുമാര്‍ (22), ചടയമംഗലം മിതൃമല മഠത്തുവിളക്കല്‍ രാഖിഭവനില്‍ രാജേന്ദ്രന്‍െറ മകന്‍ രാഹുല്‍ (24) എന്നിവര്‍ക്കാണ് പരിക്ക്. കമ്പിവടി കൊണ്ട് തലക്കടിയേറ്റ പ്രണവിന്‍െറ തലക്ക് നാല് സ്റ്റിച്ചുണ്ട്. ന്യൂറോ ടെക്നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി അജയ് ചന്ദ്രന്‍, വയനാട് സ്വദേശി ആദര്‍ശ് എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പാരാമെഡിക്കല്‍ അസോസിയേഷന്‍െറ ഭാരവാഹികളാണ് പ്രണവും രാഹുലും. ഇവര്‍ക്കിടയില്‍ പ്രത്യേക രാഷ്ട്രീയ-വിദ്യാര്‍ഥി പ്രസ്ഥാനം ഇല്ല. അതിനാല്‍ വിദ്യാര്‍ഥികളുടെ പൊതുവിഷയത്തില്‍ അസോസിയേഷനാണ് ഇടപെടുന്നത്. എന്നാല്‍, അജയചന്ദ്രന്‍ സീനിയര്‍ വിദ്യാര്‍ഥികളെ അനുസരിക്കാന്‍ തയാറായിരുന്നില്ല. ഇതുസംബന്ധിച്ച് രാഹുലും അജയും തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അജയ് ചന്ദ്രനെതിരെ വകുപ്പുമേധാവിക്ക് പരാതി നല്‍കാന്‍ രാഹുല്‍ തയാറായി. ഇതില്‍ രോഷം പൂണ്ട അജയ് മര്‍ദിക്കാന്‍ ശ്രമിച്ചു. വെള്ളിയാഴ്ച ക്ളാസ് കഴിഞ്ഞിറങ്ങിയപ്പോള്‍ മുറി പൂട്ടുന്നത് സംബന്ധിച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും രാഹുലും അജയും തമ്മില്‍ സംഘട്ടനമുണ്ടാവുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ പ്രണവ്കുമാറും സുഹൃത്തുക്കളും രാഹുലിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രഥമപരിശോധനക്കുശേഷം നിരീക്ഷണ മുറിയിലേക്ക് ഡോക്ടര്‍മാര്‍ പറഞ്ഞുവിട്ടു. ഈസമയം, അത്യാഹിത വിഭാഗത്തില്‍ എത്തിയ അജയചന്ദ്രനും ആദര്‍ശും എം.ജി സര്‍വകലാശാലയിലെ ചില വിദ്യാര്‍ഥികളും ചേര്‍ന്ന് രാഹുലിനെയും പ്രണവിനെയും മര്‍ദിച്ചു. ബഹളം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ റോയി ജേക്കബ്, സി.പി.ഒ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് അജയചന്ദ്രനെയും ആദര്‍ശിനെയും പിടികൂടുകയായിരുന്നു. സംഘത്തില്‍പെട്ട മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.