കുഴല്‍പ്പണം കൊള്ളയടിക്കുന്ന ഗുണ്ടാസംഘത്തില്‍പ്പെട്ടയാള്‍ പിടിയില്‍

കോട്ടയം: മലബാര്‍ മേഖലയില്‍ കുഴല്‍പ്പണം കൊള്ളയടിക്കുന്ന അന്തര്‍സംസ്ഥാന ഗുണ്ടാസംഘത്തില്‍പ്പെട്ടയാള്‍ പിടിയില്‍. കണ്ണൂര്‍ കേളകം കരിങ്കാപ്പ് ചിറപ്പുറത്ത് ഷിനോയ് (28) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 12.30ഓടെ നാഗമ്പടത്തുനിന്നാണ് പിടികൂടിയത്. നാല് മൊബൈല്‍ ഫോണുകളും എട്ട് സിം കാര്‍ഡുകളും പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് ക്വട്ടേഷനടക്കമുള്ള ഗുണ്ടാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കേരളത്തിലേക്കുള്ള കുഴല്‍പ്പണത്തിന്‍െറ വരവും പോക്കും നിരീക്ഷിച്ച് കൊള്ളയടിക്കാന്‍ മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ പ്രമുഖനാണ് ഷിനോയ്. നിരവധി പിടിച്ചുപറി കേസുകളിലും ബോംബാക്രമണ കേസുകളിലും പ്രതിയാണ്. കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഘം ചേര്‍ന്ന് സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ കേസിലും കവര്‍ച്ചാ കേസുകളിലും കൊലപാതക ശ്രമക്കേസിലും അറസ്റ്റ് ചെയ്യാന്‍ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും വിചാരണ നേരിട്ടുവരികയാണ്. 25 ലിറ്റര്‍ വ്യാജമദ്യവുമായി പിടിയിലായതിന് കേളകം പൊലീസ് സ്റ്റേഷനിലും 100 ലിറ്റര്‍ വ്യാജമദ്യം കടത്തിയതിന് പേരാവൂര്‍ എക്സൈസിലും കേസുണ്ട്. ഈ കേസില്‍ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് കോട്ടയത്ത് എത്തിയത്. കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണ മാഫിയകളെപ്പറ്റിയും പ്രവര്‍ത്തനരീതിയെപ്പറ്റിയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് അടുത്തിടെ നടന്ന പിടിച്ചുപറി കേസിലെ പ്രധാന പ്രതിയുമായി ഷിനോയിക്ക് അടുത്ത ബന്ധമുള്ളതായി മനസ്സിലായിട്ടുണ്ട്. ഇക്കഴിഞ്ഞ വിഷുദിനപ്പിറ്റേന്ന് കോട്ടയത്ത് നടന്ന 18 ലക്ഷം രൂപയുടെ കുഴല്‍പ്പണ തട്ടിപ്പ് കേസിന്‍െറ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഡോ. സതീഷ്ബിനോയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി ബിജു കെ.സ്റ്റീഫന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഈസ്റ്റ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ നിര്‍മല്‍ ബോസ്, സബ് ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്ത്, അസി. സബ് ഇന്‍സ്പെക്ടര്‍ വി.എസ്. ഷിബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിജുമോന്‍ നായര്‍, ഐ. സജികുമാര്‍, അഷ്റഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.