സ്വകാര്യ ബസിന്‍െറ അമിതവേഗത്തിന് ഒരു ഇരകൂടി

ചങ്ങനാശേരി: ഭര്‍ത്താവിനും വിദ്യാര്‍ഥികള്‍ക്കും കണ്‍മുന്നില്‍ സ്വകാര്യ ബസ് പാഞ്ഞുകയറി വീട്ടമ്മ മരണപ്പെട്ടതിന്‍െറ ഞെട്ടലില്‍ നാട്. വ്യാഴാഴ്ച വൈകുന്നേരം പെരുന്ന നമ്പര്‍ ടു ബസ്സ്റ്റാന്‍ഡിലാണ് സ്വകാര്യ ബസിന്‍െറ അമിതവേഗം വീട്ടമ്മയുടെ ജീവനെടുത്തത്. സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തിലിരുന്ന വീട്ടമ്മയുടെ ശരീരത്തിലേക്കാണ് ബസ് പാഞ്ഞുകയറിയത്. തിരുവല്ല ചുമത്ര ചാലമൂലയില്‍ ജയരാജന്‍െറ ഭാര്യ ലിസി രാജനാണ് (50) മരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്റ്റാന്‍ഡില്‍ അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ബസ് സ്റ്റാന്‍ഡിനുള്ളില്‍ അഞ്ചു കി.മീ. താഴെ വേഗത്തിലേ വാഹനം ഓടിക്കാവൂ എന്നാണ് നിയമം. എന്നാല്‍, നിയമങ്ങള്‍ കാറ്റില്‍ പറത്തി 40 കി.മീ. വേഗത്തിലത്തെിയ ബസാണ് സുരക്ഷാരേഖയും മറികടന്ന് ഇരിപ്പിടത്തിലിരുന്ന വീട്ടമ്മയുടെ ജീവന്‍ കവര്‍ന്നത്. ബസിന്‍െറ വരവുകണ്ട് വിദ്യാര്‍ഥികള്‍ ഓടിമാറിയതാണ് വന്‍ അപകടം ഒഴിവാക്കിയത്. അപകടത്തിനിടയാക്കിയ ബസിന്‍െറ ബ്രേക് എയര്‍പൈപ്പ് മാസങ്ങളായി ചോര്‍ച്ചയിലായിരുന്നുവെന്ന് സ്ഥിരയാത്രക്കാര്‍ ആരോപിക്കുന്നു. അപകടം കണ്ട് സ്റ്റാന്‍ഡിനുള്ളില്‍ ബോധരഹിതരായി വീണ കിടങ്ങറ സ്വദേശികളായ മൂന്നു ആയുര്‍വേദ നഴ്സിങ് വിദ്യാര്‍ഥികളെ യാത്രക്കാര്‍ ഓട്ടോ പിടിച്ച് വീട്ടിലത്തെിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ സ്റ്റാന്‍ഡിലും പരിസരത്തും തടിച്ചുകൂടി. കാത്തിരിപ്പ് കേന്ദ്രത്തില്‍ തളം കെട്ടിക്കിടന്ന രക്തം യാത്രക്കാരാണ് മണലിട്ടുമൂടിയത്. കവിയൂര്‍ റോഡില്‍ സ്വകാര്യ ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നതായി നിരവധി തവണ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മനുഷ്യ ജീവന് വില കല്‍പിക്കാതെയുള്ള മത്സരയോട്ടവും പാച്ചിലുമാണ് വ്യാഴാഴ്ച വീട്ടമ്മയുടെ ജീവനെടുത്തത്. വിവാഹ ആഘോഷത്തിന്‍െറ സന്തോഷവും പങ്കിട്ട് മടങ്ങിയ ലിസി മിനിറ്റുകള്‍ക്കുള്ളില്‍ ദുരന്തത്തിനിരയായെന്ന വാര്‍ത്ത ഈ വീടുകളിലും ദു$ഖം വിതറി. എല്ലാവരോടും വിശേഷങ്ങള്‍ ചോദിച്ചും പങ്കുവെച്ചും മൂന്നുമണിയോടെ മലേചന്തയില്‍നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിയുംമുമ്പാണ് ഇടിത്തീപോലെ ലിസിയുടെ മരണവാര്‍ത്ത കുടുംബത്തെ തേടിയത്തെിയത്. ചിരിച്ചും കളിപറഞ്ഞു ഒപ്പമുണ്ടായിരുന്ന പ്രിയതമക്ക് കണ്ണിമചിമ്മിയ സമയം കൊണ്ടുണ്ടായ ദാരുണാന്ത്യത്തില്‍ വിറങ്ങലിച്ചുനിന്ന ജയരാജ് യാത്രക്കാര്‍ക്ക് നൊമ്പരക്കാഴ്ചയായി. ബസിന്‍െറ ബമ്പര്‍ ശരീരത്തിന്‍െറ അകംപുറം തുളഞ്ഞുകയറി ഇരിപ്പിടത്തിലിരുന്ന വീട്ടമ്മ സ്റ്റാന്‍ഡിലെ യാത്രക്കാര്‍ക്ക് ഭീകരദുരന്തത്തിന്‍െറ നേര്‍ക്കാഴ്ചയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്റ്റാന്‍ഡിലെ കച്ചവടക്കാരുടെയും ജോലിക്കാരുടെയും ഭീതി ഒഴിഞ്ഞിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.