മണ്ണ് മാഫിയയെ പൂട്ടി മിന്നല്‍ റെയ്ഡ്; നിരവധി വാഹനങ്ങള്‍ പിടിയില്‍

മൂന്നാര്‍: നാടൊട്ടുക്കും തെരഞ്ഞെടുപ്പ് ചൂടില്‍ മുങ്ങി നില്‍ക്കവെ സജീവമായ മണ്ണ് മാഫിയക്കുമേല്‍ പിടിമുറുക്കി അധികൃതര്‍. വ്യാഴാഴ്ച നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പിടികൂടിയത്. ദേവികുളം ആര്‍.ഡി.ഒ സുബിന്‍ സമീദിന്‍െറ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പിലെ സംഘം എക്സ്കവേറ്റര്‍ അടക്കം നിരവധി വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മണ്ണ് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച ആര്‍.ഡി.ഒയെയും സംഘത്തെയും അപായപ്പെടുത്തുന്ന രീതിയിന്‍ നിര്‍ത്താതെ പോയ വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കാന്‍ അടിമാലി ജോയന്‍റ് ആര്‍.ഡി.ഒക്കും അടിമാലി സി.ഐക്കും ആര്‍.ഡി.ഒ നിര്‍ദേശം നല്‍കി. പുലര്‍ച്ചെ ഒരു മണിക്കാണ് റെയ്ഡ് നടന്നത്. അടിമാലി കേന്ദ്രീകരിച്ച് ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങളാണ് നിലവില്‍ നികത്തിക്കൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടും മൗനാനുവാദത്തോടെയുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രാത്രിയിലാണ് സംഘം കൂടുതല്‍ സജീവമാകുന്നത്. പൊളിഞ്ഞപാലം, അമ്പഴച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മണ്ണ് മാന്തിയെടുത്ത് പാടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ നികത്തി വരികയായിരുന്നു. പൊളിഞ്ഞപാലത്തുനിന്ന് രണ്ടു ജെ.സി.ബിയും ദുരൂഹ സാഹചര്യത്തില്‍ മണ്ണെടുക്കുന്ന സ്ഥലത്തുനിന്ന് കണ്ട ഒരു റിറ്റ്സ് കാറും ഒരു എക്സ്കവേറ്ററും ടിപ്പറും ആര്‍.ഡി.ഒയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ ഓഫിസുകള്‍ സജീവമായതോടെയാണ് മണ്ണ് കടത്തുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായത്. മാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. മണ്ണിട്ട് നികത്തപ്പെടുന്ന നെല്‍വയലുകളുടെ ഉടമകള്‍ക്കെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതിനും ഇത്തരത്തില്‍ വ്യാപകമായി മണ്ണ് ഖനനം നടത്തുന്ന ഭൂമിയുടെ രജിസ്ട്രേഷന്‍ റദ്ദു ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ആര്‍.ഡി.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.