സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പ് സ്ഥലത്തേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറി വീട്ടമ്മ മരിച്ചു

ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പര്‍ സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പ് സ്ഥലത്തേക്ക് സ്വകാര്യ ബസ് പാഞ്ഞുകയറി വീട്ടമ്മക്ക് ദാരുണാന്ത്യം. ഭര്‍ത്താവിന്‍െറ കണ്‍മുന്നിലായിരുന്നു അപകടം. തിരുവല്ല ചുമത്ര ചാലമൂലയില്‍ ജയരാജന്‍െറ ഭാര്യ ലിസി രാജനാണ് (50) മരിച്ചത്. ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്ന ലിസിയുടെ കഴുത്തിനും നെഞ്ചിനുമിടയില്‍ ബസിന്‍െറ ബമ്പര്‍ ഇടിച്ചുകയറി. ഇവര്‍ തല്‍ക്ഷണം മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 3.45ഓടെ ആയിരുന്നു അപകടം.ജയരാജനും സമീപത്തെ ഇരിപ്പിടത്തിലുണ്ടായിരുന്ന മറ്റൊരു യാത്രികക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബസിന്‍െറ പാഞ്ഞുള്ള വരവുകണ്ട് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ചിതറിയോടിയതിനാല്‍ കൂടുതല്‍ ആളപായം ഒഴിവായി. ലിസിയുടെ വീടായ വാകത്താനം മലേചന്തയില്‍ ബന്ധുവിന്‍െറ വിവാഹത്തില്‍ പങ്കെടുത്തശേഷം ലിസിയും ജയരാജനും തിരികെ ചുമത്രയിലെ വീട്ടിലേക്ക് മടങ്ങുന്നതിനാണ് പെരുന്ന സ്റ്റാന്‍ഡിലത്തെിയത്. ഈ സമയം പായിപ്പാട്-കവിയൂര്‍-തോട്ടഭാഗം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സെന്‍റ് മേരീസ് ബസ് ആളുകളെ ഇറക്കിയ ശേഷം സ്റ്റാന്‍ഡിലേക്ക് എത്തിയതായിരുന്നു. ഇതിനിടെ, നിയന്ത്രണം വിട്ട ബസ് സുരക്ഷാവലയം ഭേദിച്ചു കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബസ് പാഞ്ഞു വരുന്നതുകണ്ട് വിദ്യാര്‍ഥികളും യാത്രക്കാരും ഭയന്ന് നാലുപാടും ചിതറിയോടിയെങ്കിലും എഴുന്നേറ്റ് മാറുന്നതിനുള്ള സമയം ലിസിക്ക് ലഭിച്ചില്ല. ബസ് പിന്നോട്ടെടുത്തയുടന്‍ ഇറങ്ങിയോടാന്‍ ശ്രമിച്ച ഡ്രൈവര്‍ പത്തനംതിട്ട ചെങ്ങരൂര്‍ വിഷ്ണുഭവനില്‍ പി. വിഷ്ണുവിനെ (22) വിദ്യാര്‍ഥികള്‍ പിടികൂടി പൊലീസിന് കൈമാറി. എന്നാല്‍, ബസ് ഓടിച്ച വിഷ്ണു ഡ്രൈവറല്ളെന്നും ബസിലെ കണ്ടക്ടറാണെന്നുമാണ് സംഭവസ്ഥലത്തുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നത്. അപകടംകണ്ട് ഭയന്നുമാറിയ ആളുകള്‍ ലിസിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മടിച്ചപ്പോള്‍ സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥികളായ വെളിയനാട് മംഗലപ്പള്ളി ആദര്‍ശ് അനിയന്‍, കിടങ്ങറ കിഴക്കേമുറ്റത്ത് സചിന്‍, കിടങ്ങറ അരുണോദയം അരുണ്‍ജിത് എന്നിവരാണ് ജയരാജിനൊപ്പം ലിസിയെ പെരുന്നയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ലിസിയുടെ സമീപത്തിരുന്ന മറ്റൊരു സ്ത്രീയുടെ കാലിനും അപകടം സംഭവിച്ചിട്ടുണ്ട്. സ്റ്റാന്‍ഡിനുള്ളില്‍ ബസ് 40 കി.മീ. വേഗത്തിലാണ് ഒടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബസ് ഓടിച്ചയാള്‍ക്കതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മക്കള്‍: ലിജോ, ജിജോ (ഇരുവരും വിദ്യാര്‍ഥികള്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.