ഹൃദയം എടുക്കാനായില്ല; ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മുടങ്ങി

ഗാന്ധിനഗര്‍: ഹൃദയദാതാവിന്‍െറ ഹൃദയം എടുക്കാനാകാതെ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ മുടങ്ങി. എറണാകുളം എടവനക്കാട്ട് രായം മരക്കാര്‍ ബഷീറാണ് (55) ഹൃദയം മാറ്റിവെക്കലിന് വേണ്ടി തയാറായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലായിരുന്നു സംഭവം. വാഹനാപകടത്തെ തുടര്‍ന്ന് തൃശൂര്‍ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പൂര്‍ണിമയുടെ (37) ഹൃദയം ബഷീറിന് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പൂര്‍ണിമക്ക് മസ്തിഷ്ക മരണം സംഭവിച്ച ഉടന്‍ ഹൃദയം, വൃക്കകള്‍, കരള്‍ എന്നിവ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ അനുമതി നല്‍കി. തുടര്‍ന്ന് മൃതസഞ്ജീവനി പ്രതിനിധി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവരം അറിയിച്ചു. മൂന്നര മാസമായി ഹൃദയ ശസ്ത്രക്രിയ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ബഷീര്‍. മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്ന ബഷീറിനെ ഡോക്ടര്‍മാര്‍ വിളിച്ചുവരുത്തി. വെള്ളിയാഴ്ച 8.30ന് കോട്ടയം മെഡിക്കല്‍ കോളജിലത്തെിയ ബഷീറിനെ വിദഗ്ധ പരിശോധനക്ക് വിധേയനാക്കിയ ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് ഹൃദയ ശസ്ത്രക്രിയ മേധാവി ഡോ. ടി.കെ. ജയകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിക്ക് പുറപ്പെട്ടു. രാത്രി 12.30ന് ചാലക്കുടിയിലത്തെിയ സംഘം പൂര്‍ണിമയുടെ ഹൃദയം പരിശോധിച്ചപ്പോഴാണ് രക്തസമ്മര്‍ദം താഴ്ന്നത് കണ്ടത്തെിയത്. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിന് സംഘം മടങ്ങി. കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടുമൊരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആശുപത്രി അധികൃതരും ഡോക്ടര്‍മാരും. ഹൃദയം ലഭിച്ചാല്‍ മാര്‍ഗതടസ്സം കൂടാതെ നിശ്ചിത സമയത്തിനുള്ളില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ ചാലക്കുടി വരെ പൊലീസിനെയും വിന്യസിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.