കര്‍ണാടക സ്റ്റേറ്റ് ഓപണ്‍ യൂനിവേഴ്സിറ്റി: വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്

തൊടുപുഴ: കര്‍ണാടക സ്റ്റേറ്റ് ഓപണ്‍ യൂനിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ 2012ല്‍ യു.ജി.സി എടുത്തുകളഞ്ഞ വിവരം മറച്ചുവെച്ച് അക്കാദമിക് കൊളാബ്രേറ്റര്‍മാരും സ്റ്റഡിസെന്‍ററുകളും നടത്തിവന്ന തട്ടിപ്പിനിരയായ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ഇരുളിലായി. സംസ്ഥാനത്തെ 80ല്‍പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ 35000ല്‍പരം വിദ്യാര്‍ഥികളാണ് യൂനിവേഴ്സിറ്റിയുടെ വിവിധ പ്രഫഷനല്‍, ടെക്നിക്കല്‍, ബിരുദ കോഴ്സുകളിലായി 2012-2015 കാലയളവില്‍ പഠിച്ചുവരുന്നത്. 2009 മുതല്‍ യു.ജി.സി ഈ കച്ചവടത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ചതിക്കപ്പെട്ട വിദ്യാര്‍ഥികള്‍ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ 2015 ജൂലൈയില്‍ ടെക്നിക്കല്‍ സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ രൂപവത്കരിച്ച് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരുന്നു. തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ സംഘടിച്ച് കെ.എസ്.ഒ.യു പേരന്‍റ്സ് അസോസിയേഷന്‍ എന്ന സംഘടന രൂപവത്കരിച്ചു. കര്‍ണാടകയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കണ്ടെങ്കിലും ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് ചാന്‍സലറായ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് വരെ നടത്തി. പ്രശ്നപരിഹാരമാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് എറണാകുളത്തെ കുറ്റുക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്‍റിന് കഴിഞ്ഞദിവസം ഡിമാന്‍ഡ് നോട്ടീസ് നല്‍കി. ഈ മാസം 27നുള്ളില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം മേയ് മൂന്നിന് വിദ്യാഭ്യാസ സ്നേഹികളെക്കൂടി പങ്കെടുപ്പിച്ച് സ്ഥാപനത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. കബളിപ്പിക്കപ്പെട്ട വിദ്യാര്‍ഥികള്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി ബേബി തോമസ് അഭ്യര്‍ഥിച്ചു. ഫോണ്‍: 9447569997.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.