പീരുമേട് ടീ കമ്പനി തൊഴിലാളികള്‍ പട്ടിണിയില്‍

കട്ടപ്പന: പീരുമേട് ടീ കമ്പനി തൊഴിലാളി യൂനിയനുകള്‍ പാട്ടക്കരാറില്‍നിന്ന് പിന്‍വാങ്ങിയതോടെ തോട്ടം തൊഴിലാളികള്‍ പണിയില്ലാതെ പട്ടിണിയിലേക്ക് നീങ്ങുന്നു. 2500ഓളം തൊഴിലാളികളാണ് പീരുമേട് ടീ കമ്പനിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. 1289 സ്ഥിരം തൊഴിലാളികളും അത്രതന്നെ താല്‍ക്കാലിക തൊഴിലാളികളുമാണ് കൊളുന്ത് നുള്ളി ജീവിച്ചിരുന്നത്. തൊഴിലാളി യൂനിയനുകളും തോട്ടം മാനേജ്മെന്‍റും തിരുവനന്തപുരത്ത് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പീരുമേട് ടീ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചത്. തൊഴിലാളി യൂനിയനുകള്‍ പാട്ടക്കരാറില്‍നിന്ന് പിന്‍വാങ്ങിയതോടെ ഇനി എന്ത് എന്ന ചോദ്യമാണ് തൊഴിലാളികളുടെ മുന്നിലുള്ളത്. തൊഴിലാളികള്‍ പണിക്കിറങ്ങാന്‍ തയാറാകാത്തതിനാല്‍ പാട്ടക്കാരന്‍ തോട്ടം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തയാറാകുന്നുമില്ല. 2000ത്തില്‍ ഉടമ തോട്ടം ഉപേക്ഷിച്ചുപോയ ശേഷം 2014 നവംബര്‍ 20നാണ് തോട്ടം വീണ്ടും തുറന്നത്. പട്ടിണി മാറ്റാന്‍ തോട്ടം കൈയേറി കൊളുന്ത് നുള്ളി വിറ്റാണ് തൊഴിലാളികള്‍ 13 വര്‍ഷം ജീവിച്ചത്. കുടിശ്ശിക ശമ്പളം, ബോണസ്, ഗ്രാറ്റ്വിറ്റി, കമ്പിളിക്കാശ്, അവധി ശമ്പളം തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ സജീവമായി രംഗത്തുണ്ടായിരുന്നില്ളെന്ന് ഇക്കാലയളവില്‍ തൊഴിലാളികള്‍ ആരോപിച്ചിരുന്നു. 2014ല്‍ തോട്ടം വീണ്ടും തുറന്നപ്പോള്‍ തൊഴിലാളികളുമായി ഉണ്ടാക്കിയ പാട്ടക്കരാറിലെ വ്യവസ്ഥകളൊന്നും പിന്നീട് പാലിക്കാന്‍ മാനേജ്മെന്‍റ് തയാറായില്ല. നിരന്തര പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം നിവൃത്തിയില്ലാതെ വന്ന ഘട്ടത്തിലാണ് തൊഴിലാളികള്‍ പാട്ടക്കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. ഇത് വിഷമവൃത്തത്തിലത്തെിക്കുമെന്ന് അറിയാമായിരുന്നിട്ടും ഗത്യന്തരമില്ലാതെയാണ് തൊഴിലാളി യൂനിയനുകള്‍ ഇതിന് തുനിഞ്ഞത്. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളെ ബോധവത്കരിച്ച് ഒപ്പം നിര്‍ത്തുകയാണ് യൂനിയനുകളുടെ ആദ്യഘട്ട പരിശ്രമം. ഇതിനായി പീരുമേട് ടീ കമ്പനിയിലെ നാല് ഡിവിഷനുകളിലും യോഗങ്ങള്‍ നടന്നു. ശനിയാഴ്ച ഓരോ യൂനിയനുകളും പ്രത്യേകം യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. ഞായറാഴ്ച സംയുക്ത ട്രേഡ് യൂനിയനുകള്‍ ഒരുമിച്ച് ചേര്‍ന്ന് ഭാവിസമരപരിപാടികള്‍ ചര്‍ച്ച ചെയ്യും. മുമ്പ് ഉടമ തോട്ടം ഉപേക്ഷിച്ച് പോയപ്പോള്‍ പട്ടിണിമാറ്റാന്‍ തോട്ടം കൈയേറി കൊളുന്ത് നുള്ളി വില്‍ക്കാന്‍ യൂനിയനുകള്‍ സഹായിക്കുകയും ഓരോ തൊഴിലാളിക്കും തോട്ടത്തിന്‍െറ നിശ്ചിതഭാഗം വീതിച്ച് നല്‍കുകയും ചെയ്തിരുന്നു. അതേമാര്‍ഗം തന്നെ വീണ്ടും തൊഴിലാളികള്‍ സ്വീകരിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് മാനേജ്മെന്‍റും നാട്ടുകാരും. ഞായറാഴ്ച യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുക. യൂനിയനുകള്‍ എടുക്കുന്ന ഏതു തീരുമാനവും തൊഴിലാളികള്‍ അംഗീകരിക്കും. ശമ്പള കുടിശ്ശിക സംബന്ധിച്ച് പാട്ടക്കാരന്‍െറ മറുപടിയും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.