അനുമോള്‍ക്കും സനല്‍ചന്ദ്രനും കാഞ്ഞിരപ്പള്ളി സമാഹരിച്ചത് 74.49 ലക്ഷം

കാഞ്ഞിരപ്പള്ളി: അനുമോളുടെയും സനല്‍ ചന്ദ്രന്‍െറയും ജീവന്‍ രക്ഷിക്കാന്‍ കാഞ്ഞിരപ്പള്ളി സമാഹരിച്ചത് 74,49,416 രൂപ. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടു വരെയുള്ള അഞ്ചു മണിക്കൂര്‍ കൊണ്ടാണ് ജീവന്‍ രക്ഷാസമിതി തുക സമാഹരിച്ചത്. ബാങ്ക് അക്കൗണ്ടിലും ചെക്കുകളായും ലഭിച്ച തുക കൂടാതെയാണിത്. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി നേതൃത്വം നല്‍കുന്ന ചങ്ങനാശേരി പ്രത്യാശ ടീമും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് രൂപവത്കരിച്ച ജീവന്‍ രക്ഷാസമിതിയാണ് ധനസമാഹരണം നടത്തിയത്. ധനസമാഹരണത്തിന്‍െറ ഉദ്ഘാടനം പൂതക്കുഴി ജുമാമസ്ജിദ് അങ്കണത്തില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എ. ഷമീര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ 9000 വീടുകളില്‍ സമിതി നേരിട്ടത്തെി സംഭാവനകള്‍ സ്വീകരിച്ചു. 3000 സന്നദ്ധ പ്രവര്‍ത്തകര്‍ 160 സ്ക്വാഡുകളായി തിരിഞ്ഞാണ് ഒരോ വീടുകളിലും എത്തിയത്. സ്ക്വാഡുകള്‍ സമാഹരിച്ച പണം സെന്‍റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എണ്ണിത്തിട്ടപ്പെടുത്തി. സമാഹരിച്ച തുക പ്രതീകാത്മകമായി രോഗികളുടെ രക്ഷിതാക്കള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, ഡോ.എന്‍. ജയരാജ് എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സാജന്‍ കുന്നത്ത്, നൈനാര്‍പള്ളി ഇമാം ഷിഫാര്‍ മൗലവി, അഡ്വ. പി.എ. ഷമീര്‍, പി.എം. അബ്ദുസ്സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഞ്ഞപ്പള്ളി കുറ്റുവേലില്‍ പരേതനായ ചന്ദ്രന്‍െറ മകന്‍ സനല്‍ ചന്ദ്രന്‍ (25), മാനിടംകുഴിയില്‍ വാടകക്ക് താമസിക്കുന്ന ടാപ്പിങ് തൊഴിലാളി ബെന്നി തോമസിന്‍െറ മകള്‍ അനുമോള്‍ (23) എന്നിവരുടെ ജീവന്‍ നിലനിര്‍ത്താനാണ് ജീവന്‍ രക്ഷാ സമിതി രൂപവത്കരിച്ച് തുക സമാഹരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുന്ന അനുവിന് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കുന്ന ശസ്ത്രക്രിയ ആവശ്യമാണ് ഇരുവൃക്കയും തകരാറിലായി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ് സനല്‍ ചന്ദ്രന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.